മോഷ്ടിച്ച ബൈക്കുമായെത്തി, ക്ഷേത്ര മതിൽ ചാടിക്കടന്ന് ക്ഷേത്രത്തിലുള്ള സി.സി.ടിവി കേടാക്കി മോഷണം നടത്തിയവര്‍ പിടിയില്‍. കുഴിത്തുറ പുത്തൻചന്ത ശ്രീ മുത്താരമ്മൻ ദേവീ ക്ഷേത്രത്തിൽ കവർച്ച നടത്തിയ രണ്ട് പേരെയാണ് ക്ഷേത്ര ഭാരവാഹികൾ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. വന്നിയൂർ തോവരച്ചാൻവിള സ്വദേശി മനോജ് (25), നട്രാജ് (42) എന്നിവരാണ് അറസ്റ്റിലായത്.
ചെമ്മൺകാല സ്വദേശി ബൈജുവിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് മനോജ് വെള്ളിയാഴ്ച്ച ഉച്ചക്ക് ക്ഷേത്ര പരിസരത്ത് ചുറ്റി തിരിഞ്ഞത്. രാത്രിയോടെ ക്ഷേത്ര മതിൽ ചാടി ക്ഷേത്രത്തിലുള്ള സി.സി.ടിവി കേടാക്കി. ആദ്യം കാണിക്ക വഞ്ചി തകർത്ത് പണവും കവർന്നു. ശേഷം, ക്ഷേത്രനടയിലെ വിളക്കിന്റെ മേലെ സ്ഥാപിച്ചിട്ടുള്ള പഞ്ചലോഹത്തിന്റെ മകിടുകളും മോഷ്ടിച്ചു, തുടർന്ന് വെളുപ്പിന് പ്രതി മനോജ് സഹായത്തിന് നട്രാജിനെ വിളിച്ചുവരുത്തുകയായിരുന്നു.
നട്രാജും മനോജും ചേർന്ന് മോഷണമുതല്‍ കന്നുമ്മാമൂട്ടിലെ കടയിൽ വിൽക്കാൻ ചെന്നപ്പോൾ കടയുടമയ്ക്ക് സംശയം തോന്നി. അങ്ങനെ അദ്ദേഹം ഇവര്‍ കൊണ്ടുവന്ന സാധനങ്ങള്‍ എടുത്തില്ല. രാവിലെ ക്ഷേത്ര ഭാരാവികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് സി.സി.ടിവി ദൃശ്യം പരിശോധിച്ചതോടെ പ്രതിയുടെ മുഖം വ്യക്തമായി. സിസിടിവി കേടാക്കുന്നതും കണ്ടു. തുടര്‍ന്ന് സോഷ്യൽ മീഡിയ കൂട്ടായ്മയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. മനോജിനെയും സഹായി നടരാജിനെയും തോണ്ടിമുതലുമായി പിടികൂടി ക്ഷേത്രത്തിൽ എത്തിച്ച ശേഷമാണ് അരുമന പൊലീസിനെ ഏൽപ്പിച്ചത്.