ഇടുക്കി അടിമാലിയിൽ അവധിക്കച്ചവടത്തിന്റെ മറവിൽ ഏലക്ക വാങ്ങി പണം തട്ടിയ കേസില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ. അടിമാലി സ്വദേശികളായ അബ്ദുല്‍സലാം, സന്തോഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനെ അടിമാലി പൊലീസ് നേരെത്തെ പിടികൂടിയിരുന്നു.ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.
ഒന്നാം പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് രണ്ടു പ്രതികളെ സംബന്ധിച്ച് വിവരം ക്രൈം ബ്രാഞ്ചിന് ലഭിച്ചത് . അടിമാലിയില്‍ എന്‍.ഗ്രീന്‍ എന്ന പേരില്‍ മുഹമ്മദ് നസീര്‍ കമ്പനി രൂപവത്കരിക്കുകയും ആറ് മാസത്തെ അവധിക്ക് ഏലക്ക നല്‍കിയാല്‍ നിലവിലെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിത്തുക നല്‍കാമെന്ന് കര്‍ഷകരെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ഇയാളെ വിശ്വസിച്ച് കർഷകർ കോടിക്കണക്കിന് രൂപയുടെ ഏലക്ക നൽകി. പിന്നീട് മുഹമ്മദ് നസീര്‍ കര്‍ഷകര്‍ക്ക് തുക നല്‍കാതെ മുങ്ങി. 31 കേസുകള്‍ ഇയാള്‍ക്കെതിരേ രണ്ട് സ്റ്റേഷനുകളിലായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതൽ കര്‍ഷകര്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലായതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ ആഴ്ച്ചയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. പിടിയിലായവരാണ് കർഷകരിൽ നിന്നും തട്ടിയെടുത്ത ഏലക്ക വിൽക്കാൻ മുഹമ്മദ് നാസീറിനെ സഹായിച്ചത്.