ആരെയോ ഫോണ്‍ വിളിക്കാനുണ്ടെന്ന വ്യാജേനെ, ടാക്‌സി ഡ്രൈവറുടെ മൊബൈൽ വാങ്ങി മുങ്ങിയ യുവാവ് പിടിയില്‍. വർക്കല അയന്തി പാലത്തിന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരം കരോട്ട് മേൽപ്പുറം വീട്ടിൽ ഷൈജുവാണ് (34) അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 27ാം തീയതിയായിരുന്നു സംഭവം.
അത്യാവശ്യമായി ഒരു കോള്‍ ചെയ്യണമെന്ന് പറഞ്ഞ്, ഫോൺ കൈക്കലാക്കിയ ശേഷം ടാക്‌സി ഡ്രൈവറെ കബളിപ്പിച്ച് ഇയാള്‍ മൊബൈലുമായി കടന്നുകളയുകയായിരുന്നു. മലയിൻകീഴ് സ്വദേശിയായ ടാക്‌സി ഡ്രൈവറുടെ മൊബൈൽ ഫോണാണ് മോഷ്ടിക്കപ്പട്ടത്. ഫോണിൽ സംസാരിച്ചു നില്‍ക്കവേ, ടാക്‌സി ഡ്രൈവറുടെ കണ്ണുതെറ്റിയതോടെ ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ, സി.സി.ടി.വി ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മോഷ്ടിച്ച ഫോണും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്ക് മാറ്റാനാവാത്തതിനാല്‍ ഫോൺ ചാരോട്ടുകോണത്തുള്ള ഒരു മൊബൈൽ റിപ്പയറിംഗ് ഷോപ്പില്‍ കൊടുത്തിരിക്കുകയായിരുന്നു. മുന്‍പും ഇത്തരത്തിലുള്ള കേസുകളില്‍ അറസ്റ്റിലായിട്ടുള്ളയാളാണ് ഷൈജു.