യുവതിയെ കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. കൊച്ചി ഏലൂരിലാണ് സംഭവം. മുളവുകാട് താമസിക്കുന്ന അങ്കമാലി സ്വദേശി ദീപുവിനെയാണ് ഏലൂർ പോലീസ് പിടികൂടിയത്. കൃത്യത്തിനുശേഷം ഒളിവിൽ പോയ ദീപുവിനെ രാത്രിയിൽ തന്നെ പിടികൂടുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ഏലൂർ സ്വദേശിയായ സിന്ധുവിനെ ദീപു കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. ആക്രമണത്തിനുശേഷം ഒളിവിൽ പോയ ദീപുവിനായി ഏലൂർ പോലീസ് രാത്രിയിൽ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്. വെട്ടേറ്റ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ദിവസ വാടകയ്ക്ക് ഓടിക്കുന്നത് ദീപുവാണ്. കഴിഞ്ഞ ഒരു മാസമായി വാടക നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് ദീപു പൊലീസിന് മൊഴി നൽകി.
മറ്റെന്തെങ്കിലും കാരണം ആക്രമണത്തിന് പിന്നിൽ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് കഴുത്തിൽ ആഴത്തിൽ വെട്ടേറ്റ സിന്ധു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തു. കേസിൽ ദീപുവിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.