police-fraud-tvm

തലസ്ഥാനം വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ട, ഗുണ്ടുകാട് സാബുവുമായി ചേര്‍ന്ന് പൊലീസ് സഹോദരിമാര്‍ 19 ലക്ഷം തട്ടിയെന്ന് പരാതി. തിരുവനന്തപുരത്താണ് സംഭവം. വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ സംഗീത, സഹോദരിയും തൃശൂർവനിതാസെല്ലിലെ ഉദ്യോഗസ്ഥ സുനിതയുമാണ് പ്രതികള്‍. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിയായ ആതിരയാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. 

ആതിരയോട് സൗഹൃദം നടിച്ച് ഭൂമി ഇടപാടിന്‍റെ പേരിലും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കായുമാണ് സഹോദരിമാര്‍ ചേര്‍ന്ന് 19 ലക്ഷം പലപ്പോഴായി തട്ടിയെടുത്തത്. പേയാട് സ്വദേശികളാണ് ഇരുവരും. കുടുംബസുഹൃത്തായി നടിച്ചായിരുന്നു പൊലീസുകാരികളുടെ പെരുമാറ്റം. കഴിഞ്ഞ മാര്‍ച്ചില്‍ ആതിര പണം ആവശ്യപ്പെട്ടതോടെ സൗഹൃദത്തിന്‍റെ ഭാവം മാറി. ഭീഷണി ആരംഭിച്ചു. ഇതിന് പുറമെയാണ് ഗുണ്ടുകാട് സാബുവിന്‍റെ ഭീഷണിയുമെത്തിയത്. 

'കാശ് പലിശയ്ക്ക് കൊടുത്തിട്ട് 20  ശതമാനം പലിശ ചോദിച്ച് ശല്യം ചെയ്യുന്നോ? സംഗീത ചേച്ചിയുടെ ആവശ്യത്തിനാണ് ഞാന്‍ വിളിച്ചത്' എന്നായിരുന്നു സാബുവിന്‍റെ ആദ്യ ചോദ്യം. ഇതോടെ പലിശയ്ക്കല്ല പണം കൊടുത്തതെന്ന് ആതിരയുടെ കുടുംബം വ്യക്തമാക്കി. 'നാല് ലക്ഷം രൂപയ്ക്ക് നിങ്ങള്‍ 20 ലക്ഷം ചോദിച്ചാല്‍ അത് പലിശയല്ലേ?' എന്നായിരുന്നു ഗുണ്ടയുടെ മറുപടി. ആരാണെന്ന് ചോദിച്ചപ്പോള്‍ താന്‍ ഗുണ്ടുകാട് സാബുവാണെന്നും അറിയില്ലെങ്കില്‍ പറഞ്ഞുതരാമെന്നുമായി സംഭാഷണം. 

ഭീഷണിയില്‍ വലഞ്ഞ ആതിര പൊലീസ് സഹായം തേടിയെങ്കിലും പൊലീസ് കൈമലര്‍ത്തി. ഒടുക്കം ഭൂമി വേണ്ട, പൈസ മതി. അല്ലെങ്കില്‍ കേസുകൊടുക്കുമെന്ന് ആതിര സംഗീതയെ അറിയിച്ചു. ഇതോടെ കേസ് കൊടുക്കണ്ട, നിശ്ചിത സമയത്ത് പണം മടക്കി നല്‍കാമെന്നുള്ള എഗ്രിമെന്‍റും ചെക്കും സഹോദരിമാര്‍ മുന്നോട്ട് വച്ചു. പണം നല്‍കാതായതോടെ ആതിര മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന് ശേഷമാണ് കേസിന് അനക്കം വച്ചതും മലയിന്‍കീഴ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തതെന്നും ആതിര വെളിപ്പെടുത്തി. സംഗീതയ്ക്കും സുനിതയ്ക്കും പുറമെ സുനിതയുടെ ഭര്‍ത്താവ് ജിപ്സണ്‍ രാജ്, ശ്രീകാര്യം സ്വദേശി ആദര്‍ശ്, ഗുണ്ടുകാട് സാബു എന്നിവരാണ് കേസില്‍ പ്രതികള്‍.

ENGLISH SUMMARY:

Kerala police has registered case against police sisters , Trivandrum