കൊച്ചിയിൽ നിന്ന് ലാവോസിലേക്ക് മനുഷ്യക്കടത്തു നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ലാവോസിലെ ചൈനീസ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് നൂറിലധികം പേരെ കടത്തിയത്. ഇരയായ തോപ്പുംപടി സ്വദേശി നൽകിയ പരാതിയിൽ പള്ളുരുത്തി സ്വദേശി അഫ്സർ അഷറഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
ലാവോസിലെ യിങ് ലോങ്ങ് എന്ന ചൈനീസ് കമ്പനിയിൽ ജോലി നൽകാമെന്ന പേരിൽ ആദ്യം അൻപതിനായിരം രൂപ ഗൂഗിൾ പേ വഴി വാങ്ങി. തോപ്പുംപടി സ്വദേശി സുഹൈബ് ഹാസൻ അടക്കം ആറ് പേർ തട്ടിപ്പിന് ഇരയായി. ലാവോസിൽ എത്തിച്ച ഇവരെ ഓരോ ആളുകളെയും നാല് ലക്ഷം രൂപയ്ക്ക് വിറ്റു. തട്ടിപ്പ് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് തിരികെ എത്തിയ സുഹൈബ് ഹസൻ നൽകിയ പരാതിയിൽ പള്ളുരുത്തി സ്വദേശി അഫ്സർ അഷറഫിനെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആകെ മൂന്ന് പ്രതികളാണുള്ളത്. ചൈനീസ്, ലാവോസ് പൗരന്മാരാണ് മറ്റ് 2 പേർ. നൂറിലധികം മലയാളികൾ മനുഷ്യടത്തിന് ഇരകളായിട്ടുണ്ടെന്നും ലാവോസിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ലാവോസിൽ ജോലി ആരംഭിച്ചപ്പോഴാണ് തട്ടിപ്പിനിരയായിയെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. ഓൺലൈൻ തട്ടിപ്പിന് വേണ്ടിയാണ് ഇവരെ ചൈനീസ് കമ്പനിയിലേക്ക് എത്തിച്ചത്. ഓൺലൈനിലൂടെ ആളുകളെ കമ്പളിപ്പിച്ച് പണം തട്ടലാണ് ജോലി. ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ കമ്പനി അധികൃതർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. പിന്നീട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പിന്നിരയായവർ നാട്ടിലേക്ക് മടങ്ങിയെത്തിയത്.