കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയം. ഇതേ തുടർന്ന് ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദേശം നൽകി. ഒരു രാത്രി മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ബണ്ടിയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയില്ല. ബണ്ടിചോറിന്‍റെ രൂപ സാദ്യശ്യമുള്ള ആരെങ്കിലുമാകാം എന്നും പൊലിസ് കരുതുന്നുണ്ട്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ഒരു ബാറിൽ തിങ്കളാഴ്ച രാത്രി ഹിന്ദി സംസാരിക്കുന്ന ഒരാൾ മദ്യപിക്കാനെത്തി. ബണ്ടി ചോറല്ലേ എന്ന് ചിലർക്ക് സംശയം തോന്നി താൻ ഒരു പട്ടാളക്കാരനാണെന്ന് ഇയാൾ ചോദിച്ചവരോട് പറഞ്ഞു. വിവരം പൊലീസിനെ ചിലർ അറിയിച്ചു. പൊലിസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും മദ്യപാനം കഴിഞ്ഞു യുവാവ് മടങ്ങിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ നോക്കിയ പോലീസുകാർക്കും ഇയാൾ ബണ്ടിചോർ അല്ലേയെന്ന് സംശയം തോന്നി. ഉടൻ ജില്ലയിലെ പൊലിസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദ്ദേശം നൽകി. പൊലിസ് രാത്രി മുഴുവൻ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല.
വിവിധ സംസ്ഥാന ങ്ങളിൽഎഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെ ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പോലീസ് പിടികൂടിയിരുന്നു. പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയപ്പോൾ മോഷണം നിർത്തുകയാണെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ പഴയ ശീലം ബണ്ടിചോർ തുടർന്നു. കഴിഞ്ഞ വർഷം യു പിയിൽ നിന്ന് ഡൽഹി പോലീസ് ബണ്ടി ചോറിനെ പിടികൂടിയിരുന്നു. ഇയാൾ നിലവിൽ പുറത്താണ്. ഏതെങ്കിലും കേസിൽ അറസ്റ്റ് വാറണ്ട് ഉണ്ടോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്.