എറണാകുളം വാഴക്കുളത്ത് മദ്യപിച്ച് കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പാലാ ഡിപ്പോയിലെ ഡ്രൈവർ ജോർജുകുട്ടി ആന്റണിയാണ് പിടിയിലായത്. പാലാ-കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസ് വാഴക്കുളം മടക്കത്താനത്ത് വച്ചാണ് നാട്ടുകാർ തടഞ്ഞത്.
ബസിന്‍റെ പോക്ക് കണ്ടപ്പോൾ തന്നെ നാട്ടുകാര്‍ക്ക് അപകടം മണത്തിരുന്നു. അത്രമാത്രം അപകടകരമായ രീതിയിലായിരുന്നു വാഹനത്തിന്‍റെ പോക്ക്. തുടർന്നാണ് നാട്ടുകാർ ഈ ബസ് തടഞ്ഞുനിർത്തിയത്. ഡ്രൈവറെ പുറത്തിറക്കിയപ്പോൾ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. നിൽക്കാൻ പറ്റാതെ ജോര്‍ജുകുട്ടി നടുറോഡില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് വാഴക്കുളം പൊലീസിനെ വിവരമറിയിച്ചു.വാഴക്കുളം പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് പിന്നീട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പെരുവഴിയിലായ യാത്രക്കാരെ മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ കയറ്റി വിടുകയായിരുന്നു.