തമിഴ്നാട് ശിവഗംഗയിൽ കർഷകനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ദേവനട്ടി സ്വദേശി മഹേശ്വരനാണ് (42) കൊല്ലപ്പെട്ടത്. പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെയാണ് നടുറോഡിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പുലർച്ചെ ക്ഷേത്രദർശനത്തിനായി സ്കൂട്ടറിൽ പോകുകയായിരുന്നു മഹേശ്വരന്. മാലയും മറ്റ് പൂജാപുഷ്പങ്ങളും വാങ്ങാനായി റോഡരികിലെ പൂക്കടയിൽ വാഹനം നിർത്തി. ഇതിനിടയ്ക്കാണ് അജ്ഞാത സംഘം എത്തി ഇയാളെ ആക്രമിക്കുന്നത്.
മഹേശ്വരന് സ്കൂട്ടറിൽ വരുന്ന സമയത്ത് തന്നെ ഒരു വാഹനത്തിൽ അജ്ഞാത സംഘം ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. പൂക്കടയിൽ വാഹനം നിർത്തിയതിന് പിന്നാലെ സംഘം അവിടേക്ക് എത്തി മഹേശ്വരനെ വളഞ്ഞു. തുടർന്ന് ഇവർ കയ്യില്‍ കരുതിയിരുന്ന അരിവാളും വടിവാളും മറ്റു കത്തികളുമെടുത്ത് ആക്രമിക്കാൻ വന്നതോടെ മഹേശ്വരന് റോഡിലൂടെ ഓടി. പിന്നാലെ ഓടിയ സംഘം പിന്നിൽ നിന്നും വെട്ടി വീഴ്ത്തി. തുടർന്ന് റോഡിൽ വീണ മഹേശ്വരനെ കുത്തിയും വെട്ടിയും ദാരുണമായാണ് കൊലപ്പെടുത്തിയത്.
റോഡിലുണ്ടായിരുന്ന ആളുകളാണ് പൊലീസിനെ അവിടേക്ക് വിളിച്ചുവരുത്തിയത്. പൊലീസ് എത്തുമ്പോഴേക്കും റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മഹേശ്വരന്റെ മൃതദേഹമാണ് അവർക്ക് ലഭിച്ചത്. അക്രമികൾ കടന്നുകളഞ്ഞിരുന്നു. മൃതദേഹം ശിവഗംഗ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം കഴിഞ്ഞു.
20 വര്‍ഷം നീണ്ട പകയാണ് കൊലപാതകത്തിന് പിന്നിലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2005-ൽ ശിവഗംഗയിലെ ഒരു റസ്റ്ററന്റില്‍ ഉണ്ടായ തർക്കത്തിനിടെ സി.പി. കോളനിയിലെ ഒതക്കൈ രാമജയം എന്നയാൾ മഹേശ്വരന്റെ സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഒരു വർഷത്തിനുശേഷം, 2006-ൽ, ചെന്നൈയിൽ വെച്ച് രാമജയം കൊല്ലപ്പെട്ടു. മഹേശ്വരന് കേസിൽ പ്രതിയായെങ്കിലും പിന്നീട് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ സംഭവത്തിന് പിന്നിലെ പകയാണ് മഹേശ്വരന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന സംശയമാണ് ഉയരുന്നത്.