വ്യക്തിയുടെ മൊബൈൽ നമ്പർ സിനിമയിൽ ഉപയോഗിച്ചതിൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയുടെ നിർമാതാവിനും നെറ്റ്ഫ്ലിക്സിനും എതിരെ കേസെടുക്കാൻ നിർദേശം. എറണാകുളം സിജെഎം കോടതിയാണ് സെൻട്രൽ പൊലീസിന് നിർദ്ദേശം നൽകിയത്. സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചത് അനുമതിയോ അടിസ്ഥാന മുൻകരുതലോ ഇല്ലാതെ എന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.
കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയിലെ രംഗത്തിലാണ് കണ്ണൂർ സ്വദേശിയുടെ മൊബൈൽ നമ്പർ കാണിച്ചത്. മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ പരാതിക്കാരന് വിദേശത്ത് നിന്നടക്കം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. മൊബൈല്‍ നമ്പര്‍ നല്‍കിയത് വ്യക്തി ജീവിതത്തെ ബാധിച്ചുവെന്ന് കാണിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെൻട്രൽ പൊലീസിന് നിര്‍ദേശം നല്‍കിയത്. നിർമാതാവ് മാർട്ടിൻ പ്രക്കാട്ട്, സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്, മെറ്റ, സീ എന്റർടെയ്ൻമെന്റ് എന്നിവർ കേസിൽ പ്രതികളാകും. വ്യക്തിവിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തും.
ഡമ്മി നമ്പര്‍ ഉപയോഗിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടുവെന്നാണ് പരാതിക്കാരൻ വാദിച്ചത്. വ്യക്തിഗത മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചത് വ്യക്തിവിവര മോഷണമാണ്. നമ്പര്‍ ഉപയോഗിക്കുന്നതിന് തന്റെ അനുമതി തേടിയിട്ടില്ല. ചലച്ചിത്ര പ്രവര്‍ത്തകരുടെ അശ്രദ്ധ കാരണം ജീവിതവും തൊഴിലും തടസപ്പെട്ടുവെന്നും പരാതിക്കാരൻ വാദിച്ചിരുന്നു.