guadalajara-cartel-history

1980കളില്‍ അമേരിക്കയിലെത്തിയിരുന്ന കൊക്കെയ്ന്റെ 80 ശതമാനവും എത്തിച്ചിരുന്നത് മാലാഖയുടെ പേരുള്ളൊരു മനുഷ്യനായിരുന്നു. മിഗുൽ ഏഞ്ചൽ ഫെലിക്സ് ഗല്ലാർഡോ. യുഎസ്, മെക്സിക്കന്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച്, എതിര്‍ത്തവരെയെല്ലാം അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബോസ് ഓഫ് ബോസസ് എന്ന് അറിയപ്പെടുന്ന ലഹരിമരുന്ന് മാഫിയ തലവൻ മിഗുവൽ ഏഞ്ചൽ ഫെലിക്സ് ഗല്ലാർഡോ. 

37 വർഷത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് മെക്സിക്കോയുടെ ആധുനിക ലഹരി സാമ്രാജ്യത്തിന് അടിത്തറയിട്ട ഈ കുപ്രസിദ്ധ കുറ്റവാളി മരിച്ചത്. നെറ്റ്ഫ്ലിക്സിലെ നാർക്കോസ്: മെക്സിക്കോ എന്ന സീരിസില്‍ പറയുന്ന അതേ കഥാപാത്രം മരിക്കുമ്പോള്‍ അതീവനിസഹായനായിരുന്നു. എതിര്‍ത്തവരെ ക്രൂരമായി കൊലപ്പെടുത്തിയെന്നതടക്കം ആരോപണങ്ങളുയര്‍ന്നിരുന്ന ഗല്ലാർഡോ കാഴ്ചപോലുമില്ലാത്ത അവസ്ഥയിലായിരുന്നു അന്ത്യനാളുകളില്‍.

തുടക്കം പൊലീസ് യൂണിഫോമില്‍

1946 ജനുവരി 8-ന് മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തുള്ള ഒരു ഗ്രാമത്തിലാണ് ഗല്ലാർഡോ ജനിച്ചത്. കൗമാരപ്രായത്തിൽ തന്നെ മെക്സിക്കൻ ഫെഡറൽ ജുഡീഷ്യൽ പോലീസിൽ ചേർന്ന് ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട് സിനലോവ ഗവർണറായിരുന്ന ലിയോപോൾഡോ സാഞ്ചസ് സെലിസിന്റെ കുടുംബത്തിന്റെ അംഗരക്ഷകനായി. 

narcos-mexico-real-boss

ആ കാലത്ത് ഗവർണറുമായുണ്ടാക്കിയ അടുത്ത ബന്ധം ഗല്ലാർഡോയ്ക്ക് ഉന്നത രാഷ്ട്രീയ-പോലീസ് തലങ്ങളിൽ വലിയ സ്വാധീനം നേടിക്കൊടുത്തു. നിയമപാലകനായിരിക്കെ തന്നെ, നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് എങ്ങനെ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാമെന്ന് ഗല്ലാർഡോ പഠിച്ചെടുത്തു.

ലഹരിസംഘത്തിന്റെ പിറവി

1970കളുടെ അവസാനത്തോടെ, അന്നത്തെ കുപ്രസിദ്ധ ലഹരി കടത്തുകാരനായിരുന്ന പെഡ്രോ അവിലേസ് പെരസിന്റെ മരണശേഷം, ഗല്ലാർഡോ ആ കച്ചവടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതുവരെ മെക്സിക്കോയിൽ ചെറിയ സംഘങ്ങളായി പ്രവർത്തിച്ചിരുന്ന കഞ്ചാവ്, കറുപ്പ് കടത്തുകാരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നീക്കം നടത്തി. 

അങ്ങനെയാണ് 1980കളുടെ തുടക്കത്തിൽ കുപ്രസിദ്ധമായ 'ഗ്വാഡലഹാര കാർട്ടൽ' (Guadalajara Cartel) പിറവിയെടുക്കുന്നത്. റാഫേൽ കാരോ ക്വിന്റേറോ, ഏണസ്റ്റോ ഫോൺസെക്ക കാരില്ലോ എന്നിവരെ കൂട്ടുപിടിച്ച് ഗല്ലാർഡോ മെക്സിക്കോയിലെ ആദ്യത്തെ സംഘടിത ലഹരിമരുന്ന് സിൻഡിക്കേറ്റിന് രൂപം നൽകി.

ബുദ്ധിമാനായ ബോസ്

ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്റെ കഴിവ് ഉപയോഗിച്ച് രാജ്യത്തിന്റെ കാവലാളാകേണ്ട ഗല്ലാര്‍ഡോ പക്േഷ, ആ കഴിവുപയോഗിച്ചത് ലഹരിക്കടത്തിനായിരുന്നു.  ആ മേഖലയില്‍ കൊണ്ടുവന്ന തന്ത്രപരമായ മാറ്റങ്ങളാണ് ഗല്ലാര്‍ഡോയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത്. അതുവരെ കഞ്ചാവിലും ഹെറോയിനിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മെക്സിക്കൻ സംഘങ്ങളെ കൊക്കെയ്ൻ വ്യാപാരത്തിലേക്ക് തിരിച്ചുവിട്ടു. 

യുഎസ് ഏജൻസികൾ കരീബിയൻ കടൽ വഴിയുള്ള കൊളംബിയൻ മയക്കുമരുന്ന് കടത്ത് കർശനമായി തടഞ്ഞ കാലമായിരുന്നു അത്. ആ അവസരം മുതലെടുത്ത ഗല്ലാർഡോ, കൊളംബിയയിലെ പാബ്ലോ എസ്കോബാറിന്റെ മെഡലിൻ കാർട്ടലുമായും കാലി കാർട്ടലുമായും ഡീലുറപ്പിച്ചു.

കൊളംബിയയില്‍ നിന്ന് മെക്സിക്കോവഴി യുഎസിലേക്ക്

കൊളംബിയയിൽ ഉൽപ്പാദിപ്പിക്കുന്ന കൊക്കെയ്ൻ മെക്സിക്കോ വഴി സുരക്ഷിതമായി യുഎസ് വിപണിയിൽ എത്തിക്കുക എന്നതായിരുന്നു ഗല്ലാർഡോയുടെ ദൗത്യം. ഇതിനായി ചെറുവിമാനങ്ങളും രഹസ്യ വ്യോമപാതകളും ഉപയോഗിച്ചു. ആദ്യകാലങ്ങളിൽ കടത്തുകൂലിയായി പണം വാങ്ങിയിരുന്ന ഗല്ലാർഡോ, പിന്നീട് കടത്തുന്ന കൊക്കെയ്നിന്റെ പകുതി വിഹിതം തന്നെ പ്രതിഫലമായി ആവശ്യപ്പെട്ടു. ഇതോടെ മെക്സിക്കൻ കാർട്ടലുകൾ കേവലം ഇടനിലക്കാർ എന്നതിലുപരി ലോകത്തെ ഏറ്റവും വലിയ കൊക്കെയ്ൻ വിതരണക്കാരായി മാറി. 

1980കളുടെ അവസാനത്തോടെ പ്രതിമാസം നാല് ടണ്ണോളം കൊക്കെയ്ൻ ഗല്ലാർഡോയുടെ സംഘം അമേരിക്കയിലേക്ക് കടത്തിയിരുന്നതായി യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ കണക്കാക്കിയിരുന്നു. രാഷ്ട്രീയക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും പണം നൽകി വിലയ്ക്കെടുത്താണ് സാമ്രാജ്യം സുരക്ഷിതമാക്കിയത്. ഗവർണർമാരെയും പോലീസ് ശൃംഖലകളെയും നിയന്ത്രിക്കുകയും എതിര്‍ത്തവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന, എല്ലാവരും പേടിയോടെ മാത്രം നോക്കിക്കണ്ട സംഘമായി  അവര്‍ വളര്‍ന്നു.

ഒരു കൊലയും സാമ്രാജ്യത്തിന്റെ തകര്‍ച്ചയും

അജയ്യനായി മുന്നേറുകയായിരുന്ന ഗല്ലാർഡോയുടെ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിവെച്ചത് 1985-ൽ നടന്ന ക്രൂരമായ ഒരു കൊലപാതകമായിരുന്നു. വലിയൊരു കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ച യുഎസ് ഡി.ഇ.എ ഏജന്റ് എൻറിക് കിക്കി കിക്കി കാമറേനയെ ഗല്ലാർഡോയുടെ നിർദ്ദേശപ്രകാരം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഈ കൊലപാതകം വടക്കേ അമേരിക്കയിൽ യുഎസ് നടത്തിയ ഏറ്റവും വലിയ വേട്ടയാടലുകളിലൊന്നിന് കാരണമായി. അമേരിക്കയെയും മെക്സിക്കോയെയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കി. 

അമേരിക്കൻ സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് മെക്സിക്കൻ ഭരണകൂടം ഗല്ലാർഡോയ്ക്കെതിരെ തിരിഞ്ഞു. ഒടുവിൽ 1989 ഏപ്രിലിൽ ഗ്വാഡലഹാരയിൽ വെച്ച് അറസ്റ്റിലായി. മയക്കുമരുന്ന് കടത്ത്, ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾക്ക്  തടവിന് ശിക്ഷിക്കപ്പെട്ട ഗല്ലാർഡോയ്ക്ക്, 2017-ൽ കിക്കി കാമറേനയുടെ കൊലപാതകക്കേസിൽ അധിക തടവുശിക്ഷ കൂടി കോടതി വിധിച്ചു.

ജയിലിലും ബോസ് കളിച്ച് ഗല്ലാര്‍ഡോ

ജയിലിലായ ശേഷവും അഴിക്കുള്ളിലിരുന്ന് തന്റെ സാമ്രാജ്യം നിയന്ത്രിക്കാൻ ഗല്ലാർഡോ ശ്രമിച്ചു. അവസാന കാലത്ത് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടും, കേൾവിശക്തി ഇല്ലാതെയും, നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലുമായിരുന്നു ഗല്ലാർഡോ . 2021-ൽ ഒരു അഭിമുഖത്തിൽ താൻ നിരപരാധിയാണെന്ന് ഗല്ലാർഡോ പറഞ്ഞു. 

പക്ഷേ, സാക്ഷികളും നിയമസംവിധാനങ്ങളും തെളിവുനിരത്തി ഗല്ലാര്‍ഡോ കുറ്റക്കാരനെന്ന് ഉറപ്പിച്ചുപറഞ്ഞു. ഒടുവില്‍ നിസഹായനായി ഗല്ലാർഡോ വിടവാങ്ങുമ്പോഴും, അദ്ദേഹം തുടങ്ങിവെച്ച ലഹരിക്കടത്തിന്റെ ശൃംഖലയും സംഘടിത കുറ്റകൃത്യങ്ങളും മെക്സിക്കോയില്‍  ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

The Rise and Fall of Miguel Angel Felix Gallardo:

Miguel Angel Felix Gallardo, known as the Boss of Bosses of the Mexican drug trade, built a massive cocaine empire before dying after decades in prison. The notorious cartel leader whose life inspired Narcos: Mexico used his early background as a police officer and political bodyguard to orchestrate trans-border smuggling operations.