തിരുവനന്തപുരം കഴക്കൂട്ടത്ത് പരിശോധന നടത്തുകയായിരുന്ന ഡാൻസാഫ് സംഘത്തിന് നേരെ ലഹരിസംഘം ജീപ്പ് ഇടിച്ചു കയറ്റി. സംഭവത്തിൽ നാല് പൊലീസുകാർക്ക് പരുക്കേറ്റു. ഡാൻസാഫ് സംഘത്തിലെ സി.പി.ഒ ദീപുരാജിന് ഗുരുതരമായി പരുക്കേൽക്കുകയും കൈ ഒടിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
എം.ഡി.എം.എയുമായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന താർ ജീപ്പ് തടഞ്ഞപ്പോഴാണ് പൊലീസിന്റെ ബൈക്കിന് മുകളിലൂടെ വാഹനം ഓടിച്ചു കയറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരെ പോലീസ് പിടികൂടി. പിടിയിലായവർ ലഹരി ഉപയോഗിച്ചിരുന്നതായി പ്രാഥമിക വിവരമുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.