chala-gold-heist

തിരുവനന്തപുരം ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്ന സംഭവത്തിൽ സ്വർണ്ണം വിൽക്കാൻ സഹായിക്കുന്ന ഏജന്‍റുമാര്‍ ഉൾപ്പെടെയുള്ളവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ. ഇതുവരെ പത്തോളം പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത്. കവർച്ച നടന്ന ദിവസം കടയിൽ വലിയ തോതിൽ കച്ചവടം നടന്നിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ഇടപാടുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നവരും പൊലീസ് നിരീക്ഷണത്തിലാണ്.

വ്യാപാരിയുടെ കൈവശം ഉണ്ടാകാവുന്ന സ്വർണ്ണത്തിന്റെ അളവിന്‍റെ വിവരങ്ങൾ മോഷ്ടാക്കൾക്ക് ആരെങ്കിലും ചോർത്തി നൽകിയിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയായിരുന്നു ജ്വല്ലറി ഉടമയിൽ നിന്നും സ്വർണ്ണം കവർന്നത്.

കവർച്ച നടന്ന രീതിയിലും പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. കവർച്ചയ്ക്കിടയിൽ സ്കൂട്ടറിൽ സഞ്ചരിച്ച വ്യാപാരി റോഡിൽ വീഴാത്തത് എങ്ങനെയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബൈക്കിലെത്തിയ പ്രതികൾക്ക് വളരെ എളുപ്പത്തിൽ സ്വർണ്ണം കൈക്കലാക്കാൻ കഴിഞ്ഞത് എങ്ങനെയാണെന്നതിലും വ്യക്തത വരേണ്ടതുണ്ട്. കൂടാതെ, മോഷ്ടാക്കൾ രക്ഷപെട്ട വഴി സംബന്ധിച്ച് വ്യാപാരി നൽകിയ മൊഴിയിലും അവ്യക്തതയുണ്ട്.

വ്യാപാരി കാണിച്ചുകൊടുത്ത വഴിയിലൂടെയല്ല മോഷ്ടാക്കൾ പോയതെന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കവർച്ചയുടെ ദുരൂഹതയിലേക്ക് അന്വേഷണം പോകുന്നതിനു മുമ്പ് പ്രതികളെ കണ്ടെത്താനാണ് പൊലീസിന്‍റെ ആദ്യ ശ്രമം.

ENGLISH SUMMARY:

Police investigating the gold robbery from the owner of Vaishnavi Jewellery in Thiruvananthapuram's Chala have placed several individuals, including gold-selling agents, under surveillance. Around ten people have been questioned so far as investigators found evidence of heavy business transactions at the shop on the day of the heist, raising suspicions of an insider tip-off.