qatar-kmcc-robbery
  • 8 കോടി രൂപ നഷ്ടമായ ഖത്തർ കെ.എം.സി.സി കവർച്ച കേസിൽ നാലാം പ്രതിയായ ബി.ജെ.പി പ്രാദേശിക നേതാവ് പരപ്പിൽ ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

എട്ടുകോടി രൂപ നഷ്ടമായ ഖത്തര്‍ കെ.എം.സി.സി. കവര്‍ച്ച കേസില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. നാലാം പ്രതിയായ ബി.െജ.പി. പ്രാദേശിക നേതാവ് ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കും. ബാലകൃഷ്ണന്റെ മൊഴി കോടതി മുന്‍പാകെ രേഖപെടുത്താന്‍  പൊലീസ് അപേക്ഷ നല്‍കും. ബാലകൃഷ്ണന്റെ  മൊഴികള്‍ക്കപ്പുറം െതളിവ് ശേഖരണം ബുദ്ധിമുട്ടേറിയതോടെയാണു നിര്‍ണായക നീക്കം.

ഗള്‍ഫ് രാജ്യത്തു നടന്ന കുറ്റകൃത്യത്തില്‍ അന്വേഷണം നടത്തുന്നതില്‍ കേരളപൊലീസിനു പരിമിതികളേറെയാണ്. എന്നാല്‍ ഗൂഢാലോചന കൊയിലാണ്ടിയിലും പരിസരങ്ങളിലുമാണു നടന്നതെന്ന് പൊലീസ് കണ്ടെത്തി. കേസിലെ നാലാം പ്രതിയായ നിലവില്‍ ജയിലില്‍ കഴിയുന്ന പരപ്പില്‍ ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ഇവിടങ്ങളില്‍ തെളിവെടുത്തിരുന്നു. ഇതിനു പിറകെയാണ‌ു മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

അടുത്തദിവസം തന്നെ കോടതിയില്‍ അപേക്ഷ നല്‍കും. തുടര്‍ന്നു കോടതിയില്‍ ഇയാളുടെ മൊഴി രേഖപെടുത്തും. നിയമസാധുതയുള്ളതിനാല്‍ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു പ്രതികളുടെ അറസ്റ്റിലേക്കു കടക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയ നാലുപ്രതികളില്‍ ചിലര്‍ ഇതിനകം രാജ്യം വിട്ടയതായി പൊലീസിനു വിവരം ലഭിച്ചു. 8 പ്രതികളില്‍ രണ്ടുപേര്‍ ഖത്തറിലേക്കും ഒരാള്‍ ഒമാനിലേക്കും കടന്നുവെന്നാണു വിവരം. കവര്‍ച്ചയുടെ സൂത്രധാരകരില്‍ ഒരാളെന്നു പൊലീസ് കരുന്ന കമറു പയ്യോളിക്കു ചെക്ക് കേസില്‍ ഖത്തറില്‍ യാത്ര വിലക്കുണ്ടന്ന വിവരം പുറത്തുവന്നു. ഇതോടെ ഇയാളെ നാട്ടിലെത്തിക്കാന്‍ കഴിയുമോയെന്നതില്‍ പൊലീസിനും സംശയമുണ്ട്.

ENGLISH SUMMARY:

In a major breakthrough in the ₹8-crore Qatar KMCC heist case, the Kerala Police have decided to make the fourth accused, local BJP leader Balakrishnan, an approver. Facing severe limitations in gathering evidence for a crime committed abroad, the investigation team will file an application before the court to record Balakrishnan's statement. The police discovered that the core conspiracy was hatched in and around Koyilandy, where Balakrishnan was recently taken for evidence collection. While three of the eight accused have allegedly fled to Qatar and Oman, police face further complications as one of the key masterminds, Kamaru Payyoli, is under a travel ban in Qatar due to a cheque case.