ഇടുക്കി കുഴിത്തൊളുവില് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലെത്തി കമ്പിവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത് ജീവനൊടുക്കി. കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ ശ്രീജയ്ക്കാണ് (35) ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇടുക്കി സ്വദേശിയായ ഭർത്താവ് സന്തോഷ് (42) പോസ്റ്റ് ഓഫീസിന് മുന്നിൽ വെച്ച് സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
രാവിലെ ശ്രീജ പോസ്റ്റ് ഓഫീസ് തുറന്ന ഉടൻ തന്നെ കമ്പിവടിയുമായി എത്തിയ സന്തോഷ് ഇവരുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിക്കുകയുമായിരുന്നു. ശ്രീജയുടെ നിലവിളി കേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ പുറത്തേക്കിറങ്ങിയ സന്തോഷ്, കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു.
ഇരുവരും തമ്മിൽ കുറച്ചുകാലമായി നിലനിന്നിരുന്ന രൂക്ഷമായ കുടുംബവഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ആഴത്തിൽ പരുക്കേറ്റ ശ്രീജയെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സന്തോഷിന് ലൈസൻസില്ലാത്ത റിവോൾവർ എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)