സ്കൂളിൽ തോക്കുമായെത്തിയ പതിനാറുകാരൻ മൂന്ന് വിദ്യാർഥികളെയും അധ്യാപികയെയും വെടിവച്ചുകൊന്നു. നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അക്രമിയെ സ്ഥലത്തെത്തിയ ഒരാള്‍ വെടിവച്ച് വീഴ്ത്തി. അമേരിക്കയിലെ ഒറിഗോണിലാണ് നാടിനെ നടുക്കിയ സംഭവം. ബെൻഡിലെ സിൽവർ റെയിൽ എലിമെന്‍ററി സ്കൂളിലെ വിദ്യാർഥിയായ ജെഫ്രിൻ കെ. ജോണാണ് വെടിവയ്പ് നടത്തിയത്. ജെഫ്രിന് അമ്മയാണ് പിറന്നാളിന് തോക്ക് സമ്മാനമായി നൽകിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജെഫ്രിൻ തോക്കുമായെത്തി സ്കൂളിൽ ആക്രമണം നടത്തിയത്. സംഭവദിവസം രാവിലെ സ്കൂളിന് മുന്നിലൂടെ കടന്നുപോയ ഒരു ട്രക്കിനുനേരെയാണ് ജെഫ്രിൻ ആദ്യം വെടിയുതിർത്തത്. ട്രക്ക് ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിനുശേഷമാണ് ജെഫ്രിൻ സ്കൂളിനുള്ളിൽ കടന്ന് ആക്രമണം നടത്തിയത്.
സ്കൂളിൽ പ്രവേശിച്ച ഉടൻ ആദ്യം കണ്ട ക്ലാസ് മുറിയിൽ കയറി വെടിയുതിർക്കുകയായിരുന്നു. ജെഫ്രിന്‍റെ ആക്രമണത്തിൽ മൂന്ന് വിദ്യാർഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. അഞ്ചും എട്ടും പതിനൊന്നും വയസുള്ള വിദ്യാർഥികളും 25 വയസുള്ള മേഗൻ ലാംബർട്ട് എന്ന അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഏഴ് വയസുള്ള വിദ്യാർഥിനിയും 54 വയസുള്ള മറ്റൊരു അധ്യാപികയും പരിക്കേറ്റ് ചികിത്സയിലാണ്.
ജെഫ്രിനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. ട്രക്കിനുനേരെ ജെഫ്രിൻ വെടിയുതിർക്കുന്നത് കണ്ട അതുവഴി വന്ന മറ്റൊരാളാണ് സ്കൂളിലെത്തി അക്രമിയെ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.