രാജ്യാന്തര ലഹരികടത്ത് കേസിലെ പ്രതിയെ മൂന്ന് വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും നാട്ടിലെത്തിച്ച് എക്സൈസ്. എം.ഡി.എം.എയും, കഞ്ചാവും കടത്തിയ കേസിലെ എട്ടാം പ്രതി ഷോണ്‍ സുനില്‍ ബെര്‍ട്ടിനെയാണ് യു.എ.ഇയില്‍ നിന്നും രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെ എക്സൈസ് തിരുവനന്തപുരത്ത് എത്തിച്ചത്. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായ നടപടി ലഹരികടത്തുകാര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവു പറഞ്ഞു. 

2023 ജൂലൈ ഒന്‍പതിന് രാത്രിയിലായിരുന്നു ലഹരിവേട്ട. ആറ്റിങ്ങല്‍ പുളിമാത്ത് ഭാഗത്ത് എക്സൈസിന്‍റെ വാഹനപരിശോധനയ്ക്കിടെ എഴുപത് ഗ്രാമിലേറെ എം.ഡി.എം.എയും, 155 കിലോയിലധികം കഞ്ചാവും പിടികൂടി. ലഹരിക്കൊപ്പം നാല് പ്രതികളെയും ആദ്യ ദിവസം അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. ഇതിനിടയിലാണ് എട്ടാം പ്രതിയായ ഷോണ്‍ സുനില്‍ ബെര്‍ട്ട് വിദേശത്തേക്ക് കടന്നത്. രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെ യുവാവിന്‍റെ തൊഴിലിടം മനസിലാക്കി നിരന്തര പരിശ്രമത്തിനൊടുവിലാണ് ഷോണ്‍ സുനില്‍ ബെര്‍ട്ടിനെ നാട്ടിലെത്തിച്ചത്. 

ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന് മനസിലാക്കിയതോടെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കൃത്യമായ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണ് നടപടിക്രമം പൂര്‍ത്തിയാക്കി പ്രതിയെ നാട്ടിലെത്തിച്ചത്

അബുദബിയിലെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുമായി നടത്തിയ ഏകോപനത്തിലൂടെയാണ് പ്രതിയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ പൂര്‍ത്തിയാക്കിയത്. 2024 ജനുവരിയില്‍ തിരുവനന്തപുരം സെഷൻസ് കോടതിയിൽ എക്സൈസ് ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു. എട്ടാം പ്രതി കൂടി പിടിയിലായതോടെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. രാജ്യാന്തര ബന്ധങ്ങളുള്ള ലഹരിക്കടത്ത് കേസുകളിൽ പ്രതികൾ വിദേശത്തേക്ക് കടന്നാലും അവരെ കണ്ടെത്തി വിവിധ ഏജന്‍സികളുടെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. 

ENGLISH SUMMARY:

Manorama News reports that the Kerala Excise Department has successfully extradited the eighth accused in a major international drug smuggling case from the UAE with the help of international agencies. The accused, who was involved in an MDMA and cannabis trafficking case, was brought back to Thiruvananthapuram following coordinated efforts under Operation Thunder.