ഇടുക്കി കരിമണലിൽ പ്രണയതര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ 18കാരി നിത്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടപ്പാറ സ്വദേശി നിഷാന്ത് പിടിയിലായി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതിയെ 12 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി.

ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ യുവതി ദന്താശുപത്രിയിൽ ജോലിചെയ്തുവരികയായിരുന്നു. സംഭവദിവസം ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് നിത്യ വീട്ടിൽനിന്ന് ഇറങ്ങിയത്. അമ്മ ഏലത്തോട്ടത്തിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകളെ കാണാതായതോടെ കുടുംബം തിരച്ചിൽ നടത്തി.

യുവതിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് കുടുംബം ബോഡിനായ്ക്കന്നൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടക്കാണ് ഇടുക്കി കരിമണൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. 

കൊല്ലപ്പെട്ട നിത്യയും പ്രതി നിഷാന്തും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കാനായി യുവതി പ്രതിയെ നിര്‍ബന്ധിച്ചിരുന്നു. തുടര്‍ന്ന് യുവതിയെ വിളിച്ചുവരുത്തിയ ശേഷം കൊലപാതകം നടത്തുകയായിരുന്നു. പൂപ്പാറയിൽനിന്ന് ഓട്ടോറിക്ഷയിലാണ് നിത്യയെ കൊണ്ടുപോയത്. മൊബൈൽ ഫോൺ ചാർജർ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ കല്ലുകൊണ്ട് മുഖത്ത് ഇടിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം കരിമണലിലെ വനമേഖലയിലെത്തിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നുമാണ് പൊലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ. 

അടിമാലി പൊലീസും ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ അന്വേഷണത്തിനൊടുവിൽ നിഷാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകളുടെ മരണത്തിൽ നീതി ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മകളെ കാണാതായപ്പോൾ തന്നെ പൊലീസിൽ പരാതി നൽകി. മറ്റൊരു പെൺകുട്ടിക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകരുതെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

An 18-year-old dental clinic worker named Nithya from Bodi was brutally murdered in the forest area of Karimannoor, Idukki, following a dispute over marriage. The prime suspect, Nishanth from Vattappara, was apprehended by the police within 12 hours of the crime. According to investigators, the accused strangled her with a mobile charger, smashed her face with a stone, and set the body on fire using petrol. The victim's family had earlier filed a missing person complaint after she failed to return from work.