• പേരുവിവരങ്ങള്‍ അറിയാത്ത യുവാവിന് നാല്‍പതിനടുത്ത് പ്രായം തോന്നിക്കും
  • ശരീരത്തില്‍ അന്‍പതിലേറെ മുറിപ്പാടുകളും തലയ്ക്ക് ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു

കേരളക്കരയെ തലകുനിപ്പിച്ച വാര്‍ത്തയായിരുന്നു അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഈയടുത്താണ് വിധി വന്നത്. എന്നാല്‍ മധുവിന് സമാനമായ ഒരാള്‍ക്കൂട്ട കൊലപാതകം കൂടി പാലക്കാട് നിന്ന് തന്നെ പുറത്തുവരികയാണ്. മനോദൗര്‍ബല്യവും സംസാരശേഷിയില്ലെന്ന് സംശയിക്കുന്നതുമായ യുവാവിനെ സംഘം ചേര്‍ന്ന കൊലപ്പെടുത്തിയെന്ന കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. വണ്ടിത്താവളം മൂലത്തറ റഗുലേറ്ററിന് സമീപമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

പേരുവിവരങ്ങള്‍ അറിയാത്ത യുവാവിന് നാല്‍പതിനടുത്ത് പ്രായം തോന്നിക്കും. ഒരാഴ്ചയോളമായി പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു ഇയാള്‍. ഞായറാഴ്ച വൈകീട്ട് എട്ടരയോടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ അന്‍പതിലേറെ മുറിപ്പാടുകളും തലയ്ക്ക് ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു. രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെയാണ് യുവാവിനെ മര്‍ദിച്ച് കൊന്നതാണെന്ന സ്ഥിരീകരണത്തിലെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചിറ്റൂര്‍ പൊലീസ് പ്രതികളിലെത്തിയത്. 

കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ കാര്‍ത്തിക് (26), നവീന്‍ (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശന്‍ (23), മണികണ്ഠന്‍ (25), സൂര്യപ്രകാശ് (22) എന്നിവരാണ് അറസ്റ്റിലായത്. യുവാവ് പ്രദേശത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്‍റെ ദേഷ്യത്തിലാണ് മര്‍ദിച്ചതെന്ന് യുവാക്കള്‍ മൊഴി നല്‍കി. 

ശനിയാഴ്ച രാത്രി പത്തോടെ യുവാവിനെ അരക്കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന് മര്‍ദിച്ചതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മദ്യലഹരിയിലായിരുന്നു ഇവര്‍. തുടര്‍ന്ന് യുവാവിനെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ഇയാള്‍ പ്രതികരിക്കാതിരുന്നതോടെ ഉപേക്ഷിച്ച് പോകുകയായിരുന്നു. ചിറ്റൂര്‍ ഡിവൈഎസ്പി എം.ശശിധരന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

2018 ഫെബ്രുവരിയിലാണ് അട്ടിപ്പാടി ചിണ്ടക്കി ഉന്നതിയിലെ മധു (30) ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും പട്ടികജാതി–പട്ടികവര്‍ഗ കോടതി വിധിച്ചു. ഹൈക്കോടതി 12 പ്രതികള്‍ക്ക് മൂന്ന് വീതം ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. സംശയത്തിന്‍റെ ആനുകൂല്യത്തില്‍ ഒന്നാം പ്രതിയെ കോടതി വിട്ടയച്ചിരുന്നു. 

ENGLISH SUMMARY:

Palakkad mob lynching mirrors the tragic Attappady Madu case as a mentally unstable young man was beaten to death by a group of seven intoxicated men in Vandithavalam. Police arrested the suspects based on CCTV footage after the post-mortem confirmed death due to severe internal bleeding from multiple injuries.