തിരുവനന്തപുരം കൂടത്തില്‍ തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരെ, കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായര്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ് നിഗമനം. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ദിവസമാണ് കൊലപാതകം. 2017 ഏപ്രില്‍ രണ്ടിന് രാവിലെയാണ് ജയമാധവന്‍ നായര്‍ മരിച്ചതായി രവീന്ദ്രന്‍ നായര്‍ അയല്‍ക്കാരെ അറിയിക്കുന്നത്. എന്നാല്‍ അതിന്‍റെ തലേരാത്രി, അതായത് ഏപ്രില്‍ 1ന് രാത്രി തന്നെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. കാരണം രണ്ടാം തീയതി ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ജയമാധവന്‍റെ പോസ്റ്റുമോര്‍ട്ടം. പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ മരണം നടന്നിട്ട് ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞെന്നാണ് ‍ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയത്. അതായത് അര്‍ധരാത്രി 12 മണിക്കെങ്കിലും കൊലപാതകം നടന്നിട്ടുണ്ടാവണം.

​ഈ ദിവസം പെട്ടന്നുണ്ടായ പ്രകോപനത്തിനിടെ കൊല നടത്തിയതല്ല. പകരം ആ ദിവസം കൊലപാതകത്തിനായി പ്രത്യേകം തിരഞ്ഞെടുത്തതാണ്. കാരണം ഏപ്രില്‍ 2ന് കൂടത്തില്‍ തറവാടിനടുത്തുള്ള വീട്ടിലെ യുവാവിന്‍റെ വിവാഹം മാവേലിക്കരയില്‍ നടക്കുന്നുണ്ട്. ആ പ്രദേശത്തെ ഒട്ടുമിക്ക വീട്ടുകാരും വിവാഹത്തിനായി രണ്ടാം തീയതി രാവിലെ തന്നെ മാവേലിക്കരയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നു. അതുകൊണ്ട് തലേദിവസം കൊല നടത്തിയാല്‍ അയല്‍ക്കാരില്‍ പലരും വരും മുന്‍പ് മൃതദേഹം സംസ്കരിക്കാമെന്നതായിരുന്നു രവീന്ദ്രന്‍റെ ആലോചന.

​അയല്‍ക്കാരെ മാത്രമല്ല, ഭാര്യയേയും മകളേയും ആ ദിവസം വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്താനും ആലോചിച്ചു. ഭാര്യയുടെ ബന്ധുവിന്‍റെ വീടിന്‍റെ ഗൃഹപ്രവേശം രണ്ടാം തീയതിയായിരുന്നു. അതുകൊണ്ട് തലേദിവസം തന്നെ ബന്ധുവീട്ടിലേക്ക് പൊയ്ക്കോളാന്‍ രവീന്ദ്രന്‍ നിര്‍ദേശിച്ചു. എല്ലാ ദിവസവും രാത്രി 9 മണിയോടെ രവീന്ദ്രന്‍റെ വീട്ടില്‍ നിന്നാണ് ജയമാധവന് ഭക്ഷണം കൊണ്ടുകൊടുക്കുന്നത്. രാത്രി ഒമ്പതരയോടെ രവീന്ദ്രന്‍ തിരിച്ചും വീട്ടില്‍ വരും. കൊല നടത്തുന്ന ദിവസം ഒമ്പതരയോടെ വീട്ടിലെത്താനാവില്ല. അതിനാല്‍ രാത്രി വൈകി വരുന്നത് വീട്ടുകാര്‍ അറിയാതിരിക്കാനാണ് അവരെ പാലുകാച്ചിലിനായി നേരത്തെ ബന്ധുവീട്ടിലേക്ക് അയച്ചത്.

​അങ്ങിനെ കല്യാണവും പാലുകാച്ചിലും വന്ന ദിവസത്തിന്‍റെ തലേരാത്രി കൊല നടത്താന്‍ രവീന്ദ്രന്‍ തീരുമാനിച്ചിരുന്നതായാണ് പൊലീസ് നിഗമനം. പതിവ് പോലെ ഭക്ഷണവുമായെത്തിയ ശേഷം ജയമാധവനുമായി സംസാരിച്ചിരുന്നു. രാത്രി വൈകും വരെ നീണ്ട സംസാരത്തിന് ഒടുവിലായിരുന്നിരിക്കണം കൊലപാതകം.

​പിന്നില്‍ നിന്ന് തലപിടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. മുഖത്തും നെറ്റിയിലും ഗുരുതര പരുക്കേറ്റത് ഈ ഇടിയിലാണ്. ഉടനെ ജയമാധവന്‍ നിലവിളിച്ചു. അതോടെ തലയണയെടുത്ത് മുഖത്ത് വെച്ച് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ നിഗമനം. അന്ന് രാത്രി മൃതദേഹം കട്ടിലില്‍ കിടത്തിയ ശേഷം രവീന്ദ്രന്‍ സ്വന്തം വീട്ടില്‍ പോയി. രാവിലെ ആറ് മണിയോടെ തിരിച്ചെത്തിയ ശേഷമാണ് കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്ന് വരുത്താനായി മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയതും ബാക്കി നാടകമെല്ലാം കളിച്ചതും. 

ENGLISH SUMMARY:

Jayamadhavan Nair murder case in Thiruvananthapuram was a meticulously planned crime executed by his manager Ravindran Nair, according to police investigation. The accused chose a specific night when neighbors were busy with a wedding to cover up the murder and cremation.