കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥികളുടെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട്ടുകാര്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അവനികയും (14) പ്ലസ് ടു വിദ്യാര്‍ഥിയായ പാര്‍ഥിബും( 17 ) ആണ് മരിച്ചത്. ദേശീയ പാതയും റെയില്‍വേ ട്രാക്കും അടുത്തടുത്ത് വരുന്ന ഭാഗത്ത് ഇന്നലെ വൈകിട്ടോടെ എത്തിയ ഇരുവരും മംഗലാപുരം ചെന്നൈ എക്സ്പ്രസ് ട്രെയിനിന് മുന്നിലേയ്ക്ക് എടുത്തുചാടുകയായിരുന്നു.
Also Read: ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു; മരണകാരണം തേടി പൊലീസ്
മൃതദേഹങ്ങള്‍ ചിന്നിചിതറിയതിനാല്‍ ആദ്യം തിരിച്ചറിയാന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ക്ക് ശേഷം ബന്ധുക്കള്‍ എത്തിയാണ് മരിച്ചത് അവനികയും പാര്‍ഥിബും ആണെന്ന് തിരിച്ചറിഞ്ഞത്. നോര്‍ത്ത് പാണംകുളം കുനി സുരേഷ് – റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് സുബീഷിന്‍റെയും സുനിഷയുടെയും മകനാണ് പാര്‍ഥിബ്. അത്തോളി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്‌സി വിദ്യാര്‍ഥിയാണ്. ഏറെക്കാലമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. അവനിക പഠിക്കുന്ന തിരുവങ്ങൂര്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പാര്‍ഥിബ്.
സമീപവാസികള്‍ ആയതിനാല്‍ അവനികയും പാര്‍ഥിബും തമ്മില്‍ ഏറെ നാളായി പരസ്പരം അറിയാം. സ്കൂളില്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോഴാണ് അടുത്ത സൗഹൃദത്തിലായതെന്ന് കൂട്ടുകാര്‍ പറയുന്നു. എന്നാല്‍ ജീവനൊടുക്കാന്‍ മാത്രം ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും മനസിലാകുന്നില്ല.
അവനികയുടെ അമ്മ റീന താമരശേരിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി നോക്കുന്നത്. കുറച്ച് നാള്‍ മുമ്പ് ദിവസേനയുള്ള യാത്ര ഒഴിവാക്കാനായി റീന താമരശേരിലെ വാടക വീട്ടിലേയ്ക്ക് മാറിയിരുന്നു. അതിനാല്‍ ചിലപ്പോഴൊക്കെ അവനിക താമരശേരിയില്‍ അമ്മക്കൊപ്പം താമസിച്ചു. അതിനിടയിലാണ് അവനികയുടെ അച്ഛന്‍ സുരേഷിന്‍റെ കാലൊടിഞ്ഞത്. ജോലി ഇല്ലാത്തപ്പോള്‍ അമ്മ റീനയും അല്ലാത്ത സമയം അവനികയുമാണ് മെഡിക്കല്‍ കോളജില്‍ അച്ഛന് കൂട്ട് നിന്നിരുന്നത്.
ഇതിന് പിന്നാലെയാണ് മരണവാര്‍ത്തയെത്തുന്നത്. വീട്ടുകാര്യങ്ങള്‍ നോക്കാനും പഠിക്കാനും മിടുക്കിയായിരുന്നു അവനികയെന്ന് അയല്‍വാസികള്‍ ഓര്‍ക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് സംസ്ക്കാരം നടത്തും.