തട്ടിപ്പ് കേസിൽ കിളിരൂർ പീഡനക്കേസ് പ്രതി ലതാ നായർ തൃക്കാക്കര പൊലീസിന്റെ പിടിയിൽ. കാക്കനാട് സെസിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിക്ഷേപിച്ചാൽ ഇരട്ടി പണം ലാഭം നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആൾ മാറാട്ടം നടത്തിയായിരുന്നു ലതാ നായരുടെ തട്ടിപ്പ്
കാക്കനാട് പ്രത്യേക വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഡയറക്ടർമാർ ആണെന്നു പറഞ്ഞായിരുന്നു ലതാ നായരും സംഘവും തിരുവനന്തപുരം സ്വദേശിയായ യുവാവിനെ സമീപിക്കുന്നത്. കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടി തുക ലാഭമായി നൽകാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ ഇയാളിൽ നിന്ന് വാങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിക്കുന്നത്. ഇന്ദിര മേനോൻ എന്ന പേരാണ് ലതാ നായർ പറഞ്ഞിരുന്നത്. തൃപ്പൂണിത്തുറ രാജ കുടുംബാംഗമാണെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
സുനിൽ കുമാർ , സിന്ധു, സ്വാമി നിത്യ ചൈതന്യ എന്നറിയപ്പെടുന്ന അനിൽ കുമാർ എന്നിവരും കേസിൽ പിടിയിലായിട്ടുണ്ട്. കൂടുതൽ ആളുകൾ സമാനമായ രീതിയിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം