ഗ്യാസ് സിലിൻഡറുകൾ വിതരണം ചെയ്യുന്നതിന്റെ മറവില്‍ രാസലഹരി വില്‍പന നടത്തിയ രണ്ടു പേര്‍ തൃശൂരില്‍ അറസ്റ്റില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് നടത്തിയ നീക്കമാണ് അറസ്റ്റില്‍ കലാശിച്ചത്. ലഹരി വിരുദ്ധ സേനയ്ക്കു വിവരം കൈമാറിയതിന് പിന്നാലെ ആവശ്യക്കാരെന്ന വ്യാജേനയാണ് പൊലീസ് സമീപിച്ചത്. തുടര്‍ന്ന് രാസലഹരിയുമായി നടത്തറയിൽ വരാൻ പറഞ്ഞു.
മുളയം സ്വദേശി വൈശാഖും (31), പുത്തൂർ സ്വദേശി സുജിത്തും(28) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഇടനിലക്കാർ മുഖേന തൃശൂരിൽ എത്തിച്ചതാണ് രാസലഹരി. രണ്ടു ഗ്രാം രാസലഹരി ഇരുവരുടേയും കൈവശം ഉണ്ടായിരുന്നു. യുവാക്കളെ ലഹരി വിരുദ്ധ സേന ചോദ്യം ചെയ്തു വരികയാണ്. ആരൊക്കെയാണ് രാസലഹരി ഇവരിൽ നിന്ന് സ്ഥിരമായി വാങ്ങുന്നതെന്ന് പൊലീസിന് സൂചന കിട്ടി. ഓട്ടോറിക്ഷയും സിലിൻഡറുകളും പൊലീസ് കണ്ടെടുത്തു.