തിരുവല്ലയിലെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതുണ്ടായ യുവതി മരിച്ചതിൽ ചികിത്സ പിഴവ് ആരോപണവുമായി കുടുംബം. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനി വിദ്യയാണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് മെഡ്ലോഞ്ചസ് വെൽനസ് ക്ലിനിക്കിന്‍റെ വിശദീകരണം.
ഈ മാസം 16 നാണ് തിരുവല്ലയിലെ മെഡ്ലോഞ്ചസ് വെൽനസ് ക്ലിനിക്കിൽ 45 കാരിയായ വിദ്യ കൊഴുപ്പ് നീക്കൽ ചികിത്സക്ക് എത്തിയത്. കീ ഹോൾ ശസ്ത്രക്രിയക്കിടെ വിദ്യക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററിൽ കഴിഞ്ഞ യുവതി ഇന്നലെ രാത്രിയാണ് മരിച്ചത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ചികിത്സ പിഴവ് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി.
ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് മെഡ്ലോഞ്ചസ് ക്ലിനിക് അധികൃതരുടെ വിശദീകരണം. ഹൃദയാഘാതമുണ്ടായപ്പോൾ തന്നെ അടിയന്തര ചികിത്സ നൽകിയെന്നും, എല്ലാ അന്വേഷങ്ങളുമായും സഹകരിക്കുമെന്നും ജനറൽ മാനേജർ ജോർജ് യേശുദാസ് വ്യക്തമാക്കി.
കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിൽ യഥാർത്ഥ മരണ കാരണം വ്യക്തമാകും. ചികിത്സ പിഴവ് പരാതിയിൽ തിരുവല്ല പോലീസ് പ്രാഥമിക അന്വഷണം നടത്തിയിട്ടുണ്ട്. ഡിഎംഒയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും പൊലീസിന്‍റെ തുടർ നടപടികൾ.