തിരുവനന്തപുരം  ചിറയിൻകീഴിൽ അർദ്ധരാത്രിയിൽ വീടിനുനേരെ നാടന്‍  ബോംബേറിഞ്ഞു. പുതുക്കരിയിലുള്ള  കുടുംബം പരിക്കേല്‍ക്കാതെ  തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.  സിസിടിവി കേന്ദ്രീകരിച്ച് പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു .

ഇന്നലെ അര്‍ധരാത്രിയാണ്  പുതുക്കരി വയലിൽ സ്വദേശി   വിജയന്‍റെ  ഉടമസ്ഥതയിലുള്ള വീടിനുനേരെ ബോംബേറുണ്ടായത്. 

ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ നാല് ബോംബുകൾ എറിയുകയായിരുന്നു .   രണ്ടു പേര്‍ ബോംബ് എറിയുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.  ഇതിൽ മൂന്നെണ്ണം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആക്രമണ വിവരമറിയുന്നത്. സംഭവസമയത്ത് ഗൃഹനാഥനായ വിജയൻ, ഭാര്യ ഗിരിജ, മക്കൾ, മരുമക്കൾ എന്നിവരടക്കം ഒൻപത് പേർ വീട്ടിനുള്ളിലുണ്ടായിരുന്നു. വീട്ടുകാർ അത്ഭുതകരമായാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊട്ടാതെ കിടന്ന ബോംബ്  നിർവീര്യമാക്കി.  നാടന്‍ ബോംബ് ആണെന്നാണ് നിഗമനം  അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടുരുകയാണെന്ന് പൊലീസ് പറഞ്ഞു. 

A country bomb was hurled at a house in Chirayinkeezhu, Thiruvananthapuram, at midnight.: