സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടായ മലപ്പുറം എംഡിഎംഎ കേസില്‍ അറസ്റ്റിലായ സൂര്യയുടേത് ഞെട്ടിപ്പിക്കുന്ന ജീവിതകഥ. നഴ്‌സിങ് പഠനത്തിനായി ബെംഗളൂരുവിലെത്തിയ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി സൂര്യ ലഹരിമരുന്ന് സംഘത്തിന്‍റെ വലയിലാവുകയായിരുന്നു. ആണ്‍സുഹൃത്തായ മലപ്പുറം സ്വദേശി അജ്‌മലിനൊപ്പം നോയിഡയിലെ ഫ്ലാറ്റില്‍ നിന്ന് സൂര്യ അറസ്റ്റിലാവുമ്പോള്‍ പൊലീസ് കണ്ടതാകട്ടെ 'എംഡിഎംഎ പ്രൊഡക്ഷന്‍ യൂണിറ്റും'. 23 വയസുകാരി സൂര്യ വീട്ടുകാര്‍ അറിയാതെയാണ് നോയിഡയിലെത്തിയത്.
വീട്ടുകാര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ബെംഗളൂരുവില്‍ ആണെന്നാണ് സൂര്യ പറഞ്ഞിരുന്നത്. എന്നാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് നോയിഡയില്‍ സൂര്യയെത്തിയത്. സൂര്യയുടെ പേരിലായിരുന്നു നോയിഡയിലെ ഫ്ലാറ്റ്. അവിടെ നിന്ന് ആഴ്ചതോറും കേരളത്തില്‍ കടത്തികൊണ്ടിരുന്നത് 10 കിലോ എംഡിഎംഎ. മേയില്‍ കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിലെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയും അജ്‌മലും പിടിയിലാവുന്നത്.
തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്തതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയായ മലപ്പുറത്ത് നിന്ന് 13 കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ അജ്‌മലാണെന്ന് വ്യക്തമായി. നാലുമാസത്തിനിടെ അഞ്ചുകോടി രൂപയുടെ ഇടപാടുകളാണ് സൂര്യയുടെയും അജ്‌മലിന്‍റെയും ബാങ്ക് അക്കൗണ്ടിലൂടെ നടന്നത്. ഫ്ലാറ്റില്‍ നിന്ന് ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍, പാക്കിങ് കവറുകള്‍, നിരവധി എംടിഎം കാര്‍ഡുകളും കണ്ടെത്തി.
സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്‍പനയുടെ മറവിലാണ് ഡല്‍ഹിയില്‍ നിന്ന് കാറില്‍ കേരളത്തിലേക്ക് എംഡിഎംഎ കടത്തികൊണ്ടിരുന്നത്. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.