kannur-lottery-scam

TOPICS COVERED

  • ജപ്തി ഒഴിവാക്കാൻ സ്വന്തം വീടും സ്ഥലവും നറുക്കെടുപ്പിലൂടെ നൽകുമെന്ന് പ്രഖ്യാപിച്ച് കൊട്ടിയൂർ സ്വദേശി ബെന്നി തോമസ് മൂന്ന് കോടിയോളം രൂപ സ്വന്തമാക്കിയെന്ന് ആക്ഷൻ കമ്മിറ്റി.

സ്വന്തം വീട് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ച കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ബെന്നി തോമസിനെതിരെ കൂപ്പണ്‍ വാങ്ങിയവര്‍ രംഗത്ത്. ബെന്നി തോമസിനെ നറുക്കെടുപ്പിന്‍റെ തലേദിവസം അറസ്റ്റ് ചെയ്തത് ബെന്നിയുടെ ആസൂത്രണമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ആക്ഷന്‍ കമ്മിറ്റി പറയുന്നത്. ബെന്നി വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും കോടികള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നുമാണ് ആരോപണം.

ജപ്തി ഒഴിവാക്കാനാണ് തന്‍റെ വീട് നറുക്കെടുപ്പിലൂടെ സമ്മാനമായി പ്രഖ്യാപിച്ച് 2025 മാര്‍ച്ചില്‍ ബെന്നി തോമസ് രംഗത്തുവന്നിരുന്നത്. 3300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും 26 സെന്റ് സ്ഥലവുമായിരുന്നു ഒന്നാം സമ്മാനം. രണ്ടും മൂന്നും സമ്മാനമായി ഉപയോഗിച്ച വാഹനങ്ങളും, നാലാം സമ്മാനം പുതിയ ബുള്ളറ്റ് ബൈക്കുമായിരുന്നു നിശ്ചയിച്ചത്. കൂപ്പണ്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് വായ്പ അടച്ച് ജപ്തി ഒഴിവാക്കുമെന്നും നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

ബെന്നി പറഞ്ഞപോലെ പതിനായിരം ടിക്കറ്റുകളല്ല, അതിലേറെ വിറ്റിട്ടുണ്ടെന്നും മൂന്ന് കോടിയോളം സ്വന്തമാക്കിയിട്ടുണ്ടെന്നുമാണ് ആരോപണം. സമ്മാനമായി പറഞ്ഞ വാഹനം പിന്നീട് ഓണ്‍ലൈനില്‍ വില്‍പനക്ക് വെച്ചതായും ആരോപണം. 2025 മെയ് 25നാണ് ബെന്നി നറുക്കെടുപ്പ് നിശ്ചയിച്ചത്. കൂപ്പണുകള്‍ വിറ്റുതീര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ഡിസംബര്‍ 20ലേക്ക് ഇത് നീട്ടി. എന്നാല്‍ തൊട്ടുതലേന്ന് ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. വില്‍പ്പന നിയമവിരുദ്ധമെന്ന ലോട്ടറി വകുപ്പിന്‍റെ പരാതിയിലായിരുന്നു നടപടി.

പണം തിരിച്ചു കിട്ടാനല്ല മറിച്ച് സമാന തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനാണ് നിയമപരമായി മുന്നോട്ട് പോകുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ റൂറൽ എസ്പിക്കാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.

ENGLISH SUMMARY:

Coupon buyers have come forward with serious fraud allegations against Benny Thomas, a native of Kottiyoor in Kannur, who publicly declared his house as a grand prize through a lottery draw. The action committee accused Benny of orchestrated plotting to get arrested by the police on the eve of the scheduled draw in December to evade his commitments. Although Benny initially claimed he was selling tickets solely to repay bank loans and prevent property attachment, victims allege he sold vastly more coupons than reported, amassing nearly ₹3 crore. The committee has now formally lodged a complaint with the Kannur Rural SP, demanding a comprehensive investigation to prevent similar fraudulent schemes in the future.