koduvally-kid

കോഴിക്കോട് കൊടുവള്ളിയില്‍‌ മോഷണകുറ്റം ആരോപിച്ച് 12കാരനെ മര്‍ദിച്ച കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമായി ബന്ധുക്കളായ പ്രതികള്‍. കേസൊഴിവാക്കിയാല്‍ പണവും സമ്മാനങ്ങളും നല്‍കാമെന്ന് പ്രതികളുടെ അടുത്ത ബന്ധുക്കള്‍ കുട്ടിയുടെ പിതാവിന് വാഗ്ദാനം നല്‍കി. ഒളിവില്‍ പോയ പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് സൂചന.  

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ പിതൃസഹോദരനും ഭാര്യയും മകനും ചേര്‍ന്നാണ് കെട്ടിയിട്ട് തല്ലിച്ചതച്ചത്. കൂടാതെ നഖത്തിനുള്ളില്‍ ഈര്‍ക്കില്‍ കയറ്റുകയും കണ്ണുകളിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളിലും മുളകുപൊടി തേച്ചും ക്രൂരത കാട്ടി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികള്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വേഗത്തിലാക്കിയത്. കുട്ടിയെ നിര്‍ബന്ധിച്ച് മൊഴി മാറ്റി കേസൊഴുവാക്കി തന്നാല്‍ എന്തുവേണമെങ്കിലും ചെയ്യാമെന്നാണ് വാഗ്ദാനം. 

പണവും സമ്മാനവും നല്‍കാം. സൈക്കിള്‍ വാങ്ങി നല്‍കാം. കുട്ടിയോട് പറഞ്ഞ് മൊഴി മാറ്റാന്‍ പറയണമെന്നാണ് പ്രതികളുടെ ആവശ്യപ്പെട്ടത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പ്രതികരിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം. ഒളിവില്‍ പോയ പ്രതികള്‍ സംസ്ഥാനം വിട്ടതായി സംശയിക്കുന്നു. ആദ്യഘട്ടത്തില്‍ സമീപത്തെ ബന്ധുവീടുകളില്‍ കഴിഞ്ഞ പ്രതികള്‍ കഴിഞ്ഞ ദിവസമാണ് അയല്‍ സംസ്ഥാനത്തേയ്ക്ക് നീങ്ങിയത്. 

ENGLISH SUMMARY:

The relatives accused of brutally assaulting a 12-year-old boy under false accusations of watch theft in Koduvally, Kozhikode, are now pressuring the family to withdraw the police case. Close relatives of the accused have offered money, gifts, and a bicycle to the victim's father in exchange for dropping the charges and coercing the boy into changing his statement. However, the boy's parents have firmly rejected these settlement offers and are demanding the immediate arrest of the culprits. Meanwhile, the accused individuals, who went into hiding, are suspected to have fled the state.