AI Generated Image
ഇന്‍ഫ്ലുവന്‍സറും മോട്ടിവേഷന്‍ സ്പീക്കറുമാണെന്ന വ്യാജേനെ യുവതിയെ കബളിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ കൈക്കലാക്കിയ 23കാരകന്‍ അറസ്റ്റില്‍. ദിവ്യ ജിതേന്ദ്ര പാർമർ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. പൂണെയിലാണ് സംഭവം. പ്രതി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി പരിചയത്തിലായ ഇയാൾ, താനൊരു ആത്മീയ ഗുരുവാണെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി. പിന്നീട് ശരീരത്തിലെ നെഗറ്റീവ് എനർജി മാറ്റാനെന്ന വ്യാജേന യുവതിയെ നിർബന്ധിച്ച് നഗ്നചിത്രങ്ങൾ അയപ്പിക്കുകയായിരുന്നു. കൂടാതെ ചില വ്യായാമങ്ങളും ഇയാൾ യുവതിക്ക് നിർദേശിച്ചിരുന്നു. ശരീരത്തിലെ ദോഷങ്ങൾ അകറ്റാൻ ഈ ചിത്രങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് യുവതിയെ മാനസികമായി സമ്മർദത്തിലാക്കി നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
ഇയാളുടെ പ്രവർത്തികളിൽ സംശയം തോന്നിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ ലാപ്ടോപ്പിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും നിർണ്ണായകമായ ഡിജിറ്റൽ തെളിവുകളായ ഫോട്ടോകൾ, സന്ദേശങ്ങൾ, വിഡിയോകൾ എന്നിവ കണ്ടെടുത്തു.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ ഇയാൾ മറ്റ് സ്ത്രീകളെയും കബളിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.