കൊല്ലപ്പെട്ട ശിവന്‍കുട്ടി

  • ആലപ്പുഴ കരുവാറ്റയിൽ വൃദ്ധനെ കൊന്ന കേസിൽ പ്രതികൾ രക്ഷപ്പെടാൻ തിരക്കഥ തയ്യാറാക്കിയിരുന്നു. അന്വേഷണത്തിൽ കൗമാര കൊലയാളി സംഘത്തിന്റെ ക്രിമിനൽ ബുദ്ധികണ്ട് ഞെട്ടി പൊലീസ്.

ആലപ്പുഴ കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊന്ന കേസിൽ, പിടിയിലായാലും അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ തിരക്കഥ തയാറാക്കിയിരുന്നെന്ന് കണ്ടെത്തല്‍. പൊലീസിന്റെ ചോദ്യങ്ങൾക്കു നൽകേണ്ട മറുപടി ഇവർ കൃത്യമായി തയാറാക്കിയിരുന്നു. കൗമാര കൊലയാളി സംഘത്തിന്റെ ക്രിമിനൽ ബുദ്ധിയറിഞ്ഞ് പൊലീസും ഞെട്ടി.

മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ് കൃത്യം നടത്തിയ മൂന്ന് ആൺകുട്ടികളെയും പ്രത്യേക അന്വേഷണ സംഘം ഒരേസമയം പിടികൂടിയത്. പരസ്പരം ആശയവിനിമയത്തിന് സമയം ലഭിക്കാതിരുന്നിട്ടും മൂവരും പൊലീസിന് മുന്നിൽ ഒരേ കഥ തന്നെ ആവർത്തിച്ചു. പെൺകുട്ടിക്കു വയറിൽ മുഴയുണ്ട്. ഇതിന്റെ ശസ്ത്രക്രിയയ്ക്കു പണം നൽകാനാണു ഹരിപ്പാട് എത്തിയത്. ഇതായിരുന്നു മൂവരുടെയും മൊഴി. അതിനു വേണ്ടിയാണു പെൺകുട്ടി വീട്ടിലേക്കുള്ള ലൊക്കേഷൻ അയച്ചു തന്നതും വിഡിയോ കോൾ ചെയ്തതുമെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

പണം നൽകി മടങ്ങിയതല്ലാതെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു മൂന്നു പേരുടെ ആദ്യ മറുപടി. കൊലപാതകത്തിന്റെ സംശയം സ്വന്തം പിതാവിലേക്ക് വഴിതിരിച്ചുവിടാൻ പെൺകുട്ടി ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊല്ലപ്പെട്ടയാളുടെ ഇളയമകളുടെ ആദ്യഭർത്താവാണ് പെൺകുട്ടിയുടെ പിതാവ്. പിതാവും മുത്തച്ഛനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പെൺകുട്ടി ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ പറഞ്ഞു. എന്നാൽ പെൺകുട്ടിയും ആൺസുഹൃത്തും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും വാട്സാപ് ചാറ്റുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

അതേ സമയം കേസിൽ പിടിയിലായ മൂന്ന് ആൺകുട്ടികളും കൃത്യം നടന്നതിന്റെ പിറ്റേ ദിവസം മറ്റൊരു ആവശ്യത്തിന് കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി കണ്ടെത്തി. ചെറുപ്രായത്തിൽ ക്രൂരമായ കൊലപാതകം നടത്തിയതിന്റെ ഭാവഭേദമില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റമെന്നു പൊലീസ് പറയുന്നു.

15നു രാത്രി കൊല നടത്തിയ ശേഷം മൂന്നു പേരും 16ന് പുലർച്ചെയാണു പരവൂരിലെത്തിയത്. കരുവാറ്റയിൽ നിന്നു കവർന്ന സ്വർണാഭരണങ്ങളിൽ പെട്ട ഒരു മാല പണയം വയ്ക്കുന്നതിനായി പരവൂർ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിനെ ഏൽപ്പിച്ചു. ഇതേ ദിവസമാണു പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശിനിയായ പത്തൊൻപതുകാരി ഈ സുഹൃത്തിനൊപ്പം വീടു വിട്ടിറങ്ങിയത്. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ പ്രതികളുടെ സുഹൃത്തായ കല്ലുങ്കുന്ന് സ്വദേശിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. വീട്ടുവിട്ടിറങ്ങിയ പെൺകുട്ടിക്കും സുഹൃത്തിനൊപ്പം മൂന്നു പ്രതികളും അന്ന് പാരിപ്പള്ളി സ്റ്റേഷനിലെത്തി. കരുവാറ്റയിൽ വീട്ടിൽ നിന്നു നഷ്ടമായതിൽ ഉൾപ്പെട്ട 3 പവൻ തൂക്കമുള്ള സ്വർണമാല പരവൂർ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.

ENGLISH SUMMARY:

In the shocking murder case of a 67-year-old man in Karuvatta, Alappuzha, investigators discovered that the teenage culprits had prepared a detailed script to mislead the police if caught. Despite being interrogated separately, the three male suspects maintained a consistent, pre-planned lie regarding their visit to the victim’s house. The mastermind, the victim's granddaughter, even attempted to frame her own father for the crime until police confronted the group with digital evidence from their chats. Remarkably, the suspects showed no remorse and even visited a police station on a different matter just hours after committing the brutal homicide.