car-accident

AI generated image

TOPICS COVERED

ഛത്തീസ്ഗഢിലെ റായ്പൂരിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകനെ കാറിടിച്ച് കൊലപ്പെടുത്തി. റായ്പൂരിലെ എയിംസ് ആശുപത്രിക്ക് മുന്നിലാണ് കാർ‌ അപകടത്തിൽ‌ മുപ്പത്തിനാലുകാരൻ കൊല്ലപ്പെട്ടത്. പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. തത്തിബന്ധ് ഉദയ സൊസൈറ്റിയിലെ താമസക്കാരനായ പരംപ്രീത് സിങ് ആണ് മരിച്ചത്.

ദൃക്‌സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, യുവതി സംഭവസ്ഥലത്ത് മറ്റൊരു യുവാവുമായാണ് കാറിൽ എത്തിയത്. പിന്നാലെ യുവതിയും കൊല്ലപ്പെട്ട പരംപ്രീത് സിങ്ങും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ യുവതി കാറിനുള്ളിൽ കയറി വാഹനം എടുക്കാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടു. ഇവരെ തടയാനായി പരംപ്രീത് ഓടിച്ചെന്ന് കാറിന്റെ മുകളിൽ കയറുകയായിരുന്നു. എന്നാൽ ഇരുവരും വാഹനം നിർത്താൻ തയാറായില്ല, അതിവേഗത്തിൽ കാര്‍ ഓടിച്ചുപോകുകയായിരുന്നു.

ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട പരംപ്രീത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ നിന്നും റോഡിലേക്ക് വീണു. കാറിന്റെ പിൻ‌ചക്രം കയറിയിറങ്ങിയായിരുന്നു മരണം. അപകടത്തിനു ശേഷവും കാർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരംപ്രീത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയായ സുഹൃത്തിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചുറ്റുമുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

A tragic incident unfolded in Raipur, Chhattisgarh, where a man was killed after being run over by a car driven by his girlfriend and her friend. The fatal accident occurred in front of AIIMS Hospital, with police suspecting a dispute related to their romantic relationship as the motive behind the brutal killing.