ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് 13.16 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ കോട്ടയം സ്വദേശിയെ പൊലീസ് പിടികൂടി. ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും ഹൈക്കോടതി വഴി വിവാഹ മോചനം വേഗത്തിലാക്കാമെന്നും കാസര്‍കോട് ഉദുമ സ്വദേശിനിയെ വിശ്വസിപ്പിച്ചാണ് കോട്ടയം ആനിക്കാട് സ്വദേശി ആന്‍റണി വിന്‍സന്‍റ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
ഫെയ്സ്ബുക്കിലൂടെ യുവതിയെ പരിചയപ്പെട്ട ആന്‍റണി, വിശ്വാസമാര്‍ജിച്ചെടുത്ത ശേഷം വാട്സാപ്പിലേക്ക് സൗഹൃദം വളര്‍ത്തി. തുടര്‍ന്ന് ചില പൂജകള്‍ ചെയ്താല്‍ ദാമ്പത്യ പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ കഴിയുമെന്ന് യുവതിയെ വിശ്വസിപ്പിക്കുകയും ഇതിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പൂജയ്ക്കുള്ളതെന്ന പേരില്‍ 13,16,731 രൂപ വാങ്ങിയെടുക്കുകയും ചെയ്തു.
2025 സെപ്റ്റംബർ 17 മുതലാണ് ആന്‍റണി പണം തട്ടല്‍ ആരംഭിച്ചത്. 2026 ജനുവരി രണ്ടുവരെ സാമ്പത്തിക തട്ടിപ്പ് തുടര്‍ന്നു. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിക്ക് ഒടുവില്‍ സംശയങ്ങള്‍ തോന്നിയതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കാസർകോട് സൈബർ ക്രൈം ഇൻസ്പെക്ടർ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്ലം തെന്‍മലയില്‍ നിന്നാണ് ആന്‍റണിയെ പിടികൂടിയത്.