തിരുവനന്തപുരം വെമ്പായം ബാറില്‍ മദ്യപ സംഘം ഏറ്റുമുട്ടലിനിടെ പെട്രോള്‍ ഒഴിച്ച് തീവച്ചു. ഗുരുതമായി പരിക്കേറ്റ ആശുപത്രിയില്‍ കഴിയുന്ന അനീഷ് മറ്റുവരുടെ ദേഹത്തെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാപ്പാ കേസ് പ്രതിയുള്‍പ്പെടെ ആറുപേരാണ് പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം അരങ്ങേറിയത്. വെമ്പായത്തെ ബാറില്‍ രണ്ടു മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അലക്ഷ്യമായി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇതില്‍ പെട്രോള്‍ മറ്റുള്ളവരുടെ ദേഹത്തേക്ക് ഒഴിച്ച നന്നാട്ടുകാവ് സ്വദേശി അനീഷിന് തന്നെയാണ് തിപിടുത്തത്തില്‍ ഗുരുതര പൊള്ളലേറ്റത്.
മദ്യ ലഹരിയില്‍ എസി ബാറിനുള്ളില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ പുറത്തുപോയ അനീഷ് കുപ്പിയില്‍ പെട്രോള്‍ വാങ്ങിയെത്തിയാണ് മറ്റുള്ളവര്‍ക്ക് മേല്‍ ഒഴിച്ചത്. അനീഷിനെ കൂടാതെ അരുണ്‍, നൗഫല്‍, റിയാസ്, ശ്യാം എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ റിയാസ് കാപ്പ കേസില്‍ പ്രതിയായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഈ ബാറില്‍ മദ്യപ സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടുണ്ട്.