മാസങ്ങളോളം കേരളത്തിൽ ഭീതിവിതച്ച കുറുവാ സംഘത്തിന്റെ കവർച്ചക്കേസുകളിൽ വിധി ശനിയാഴ്ച. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്ന് കേസുകളിൽ വിധി പറയുന്നത്. സംഘത്തലവൻ കാട്ടുപൂച്ചൻ, സന്തോഷ് സെൽവം എന്നിവരാണ് കേസിലെ പ്രതികൾ.

കുറുവാ സംഘത്തിന്റെ കവർച്ചകൾ ഏറെക്കാലം കേരളത്തെ ഭീതിയിലാഴ്ത്തിയിരുന്നു. അതിസാഹസികമായാണ് സംഘത്തലവൻ കാട്ടുപൂച്ചനെയും കൂട്ടാളി സന്തോഷ് സെൽവത്തെയും പൊലീസ് പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിലും വേഷം മാറി അരിച്ചുപെറുക്കിയാണ് പൊലീസ് കാട്ടുപൂച്ചനെ കസ്റ്റഡിയിലെടുത്തത്. പനങ്ങാട് പാലത്തിനടിയിൽ താവളമടിച്ചിരുന്ന നാടോടികളുടെ സംഘത്തിൽ നിന്നാണ് സന്തോഷ് സെൽവനെ പിടികൂടിയത്.

മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണമാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കുറുവാ സംഘത്തിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസ്. ഇതിനു പുറമെ മറ്റ് രണ്ട് കേസുകളിലും വിചാരണ പൂർത്തിയായതോടെയാണ് മൂന്നിലും ചേർന്ന് ഈ മാസം 18-ന് വിധി പറയുന്നത്. ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി. ദൃശ്യങ്ങളും നിരത്തിയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ, പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. മൂന്ന് കേസുകളിലും പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ.

ENGLISH SUMMARY:

The Kurva Gang's robbery case verdict in Kerala is scheduled for Saturday. This gang had instilled fear in Kerala for months, and the Alappuzha First Class Magistrate Court will deliver the judgment in three cases involving gang leader Kattupoochan and Santosh Selvam.