പത്തനംതിട്ട ഗവി മീനാറിലെ അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തുമ്പോള്‍ പ്രതി വിനോദ് കുമാറിനൊപ്പം ചെറിയ പെണ്‍കുട്ടിയും. പ്രതിയുടെ ബന്ധുവിന്റെ കുട്ടിയാണിതെന്നാണ് പൊലീസിനോട് പറഞ്ഞത്. ഈ പെണ്‍കുട്ടിയെ അങ്കണവാടിയില്‍ ചേര്‍ക്കാമെന്ന് പറഞ്ഞാണ് പ്രതിയായ വിനോദ്കുമാര്‍ കൊല്ലപ്പെട്ട മേനകയോട് അടുപ്പമുണ്ടാക്കിയത്. യുവതിയെ മൂന്നുദിവസം നിരീക്ഷിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
ലൈംഗിക ചൂഷണം എന്ന ലക്ഷ്യത്തോടെയാണ് വിനോദ് കുമാര്‍ മേനകയെ പിന്തുടര്‍ന്നത്. മൂന്നു ദിവസം നിരീക്ഷിച്ചു. ഇതിനിടയില്‍ സംസാരിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി സഹോദരിയുടെ മകളാണെന്നും അവളെ അങ്കണവാടിയില്‍ ചേര്‍ക്കണമെന്നും പ്രതി മേനകയോട് പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് സൗഹൃദത്തോടെയാണ് പ്രതി മേനകയോട് സംസാരിച്ചത്.
ഗവിയില്‍ കുടുംബസമേതം താമസിച്ചിരുന്ന യുവതി അഞ്ചുകിലോമീറ്റര്‍ അകലെയുള്ള അങ്കണവാടിയില്‍ നടന്നാണ് പോയിരുന്നത്. ഇത് മനസിലായ പ്രതി ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആക്രമിക്കുകയായിരുന്നു. പിതാവിന്‍റെ സഹോദനുമായി സംസാരിച്ചാണ് മേനക നടന്നിരുന്നത്. അതിനാല്‍ ആക്രമിക്കപ്പെട്ട വിവരം ഉടനെ നാട്ടുകാര്‍ക്ക് അറിയാനായി.
വെള്ളിയാഴ്ച അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ബലാല്‍സംഗം നടന്നോയെന്നതില്‍ സംശയമുണ്ട്. ഇതില്‍ വ്യക്തത വരുത്താനായി സാമ്പിളുകള്‍ രാസ പരിശോധനയ്ക്ക് അയച്ചു. യുവതിയുടെ സംസ്കാരം ഇന്ന് 12 മണിക്ക് സംസ്കാരം നടക്കും.