വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ, വ്യാജ സന്ദേശത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുക എന്നത് പുതുതായി ചുമതലയേറ്റ പ്രത്യേക അന്വേഷണസംഘത്തിന് (SIT) മുന്നിലെ പ്രധാന വെല്ലുവിളിയാകുന്നു. സ്ക്രീൻഷോട്ട് ഇടത് സൈബർ ഗ്രൂപ്പുകളിൽ ആദ്യം പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും പിന്നീട് അനക്കമുണ്ടായില്ല. വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ച യഥാർത്ഥ പ്രതികൾക്കെതിരെ നടപടിയുണ്ടാകുമോയെന്നതും നിര്‍ണായകമാണ്.
വടകര പൊലീസിന്റെ മുൻ അന്വേഷണം അവസാനമെത്തിയത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനിലാണ്. വിവാദ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട 'റെഡ് എൻകൗണ്ടർ' എന്ന ഇടത് വാട്സാപ് ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്തത് റിബേഷ് ആയിരുന്നു. എന്നാൽ ഈ സ്ക്രീൻഷോട്ട് തനിക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന് വെളിപ്പെടുത്താൻ ഇയാൾ തയ്യാറായിട്ടില്ല.
റിബേഷിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം ലഭ്യമായില്ലെന്ന് കാണിച്ച് വടകര പൊലീസ് മുൻപ് അന്വേഷണം ഭാഗികമായി അവസാനിപ്പിച്ചിരുന്നു. പരിശോധനാഫലം വൈകുന്നതാണോ അതോ മനഃപൂർവ്വം പുറത്തുവിടാതിരിക്കുന്നതാണോ എന്ന കാര്യം പ്രത്യേക അന്വേഷണസംഘം ആദ്യഘട്ടത്തിൽ തന്നെ പരിശോധിക്കും. മുൻ അന്വേഷണത്തിൽ ബോധപൂർവ്വമായ വീഴ്ചയുണ്ടായോ എന്ന കാര്യത്തിലും വ്യക്തത വരുത്തും.
കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന് പൊലീസ് തന്നെ കോടതിയിൽ സമ്മതിച്ചിട്ടും, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഇതുവരെ പൊലീസ് വിട്ടുകൊടുത്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ വർഗീയ വിദ്വേഷം പരത്തുന്ന രീതിയിലാണ് ഈ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിക്കപ്പെട്ടത്.
'റെഡ് എൻകൗണ്ടർ' ഗ്രൂപ്പിന് പുറമെ 'അമ്പാടിമുക്ക് സഖാക്കൾ', 'റെഡ് ബറ്റാലിയൻ' തുടങ്ങിയ ഫെയ്സ്ബുക്ക്/വാട്സാപ് പേജുകളിലും ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് റൂറൽ എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.