kozhikode-drug-bust-tufan-hunt-arrests

കോഴിക്കോട് 'തൂഫാൻ ഹണ്ടിന്‍റെ ഭാഗമായി ലഹരിക്കേസില്‍ 51 പേര്‍ പിടിയില്‍. രണ്ടുദിവസമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. അഞ്ചുമാസത്തിനിടെ ജില്ലയില്‍ ലഹരിക്കേസില്‍ അഞ്ഞൂറിലധികം പ്രതികളെയാണ് പിടികൂടിയത്. 

മാനാഞ്ചിറ സ്കൂള്‍ പരിസരം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, പാളയം ബസ് സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ്, കോട്ടപ്പറമ്പ് ആശുപത്രി പരിസരത്തെ ഇടവഴികൾ എന്നിവിടങ്ങളിലായിരുന്നു ഡ്രോൺ പരിശോധന. പല സ്ഥലത്തും മരങ്ങൾക്കിടയില്‍ ഡ്രോൺ എത്തിയപ്പോൾ പലരും ഓടി രക്ഷപ്പെട്ടു. രണ്ടു ദിവസത്തിനിടയിൽ റൂറൽ, സിറ്റി പൊലീസ് പരിധിയിലെ 51 ലഹരിക്കേസുകളിലായി 51 പ്രതികളെയാണ് പിടികൂടിയത്. 

ജില്ലയിലെ ഏഴ് പൊലീസ് സബ് ഡിവിഷനുകളിലെ പ്രത്യേക സ്ക്വാഡും നർകോട്ടിക്സ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ 6.071 ഗ്രാം എംഡിഎംഎയും 199.80 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സ്ഥിരമായി ലഹരി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്ത സംഭവത്തിൽ ആറുപേരെ സ്ഥിരം ലഹരി കേസ് കുറ്റവാളിയുടെ പട്ടികയിൽ ഉള്‍പ്പെടുത്തി. രണ്ടു പ്രതികളുടെ സ്വത്തുക്കളും ഒരു വാഹനവും കണ്ടുകെട്ടി. 

രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കൂടുതൽ അളവിൽ ലഹരി സൂക്ഷിച്ചതിനു സിറ്റി, റൂറൽ പരിധിയിൽ ഓരോ കേസ് വീതംമെടുത്തു. അഞ്ചുമാസത്തിനിടെ ജില്ലയില്‍ 415 ലഹരിക്കേസിലായി 513പേരാണ് അറസ്റ്റിലായത്.  2.65 കി. ഗ്രാം എംഡിഎംഎയും, 51.47 കി. ഗ്രാം കഞ്ചാവും, 16.91 ഗ്രാം. ബ്രൗൺ ഷുഗർ ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ട്.

ENGLISH SUMMARY:

Kozhikode drug bust saw 51 individuals apprehended as part of the 'Tufan Hunt' operation. This intensified two-day search significantly boosted the number of drug-related arrests in the district over the past five months, highlighting a comprehensive approach to combating substance abuse.