nurse-thodupuzha

ഇടുക്കി തൊടുപുഴ സ്മിതാ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യാശ്രമത്തിൽ മൂന്ന് ആശുപത്രി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ആശുപത്രിയിൽ കടന്ന് കയറി പ്രതിഷേധിച്ച ഡിവൈഎഫ്ഐ യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തു.  

സ്മിത ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചത് മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദം മൂലമാണെന്നാണ് ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നേഴ്സ് അൽഫോൻസാ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാത്രി ഇവരെ മൂന്നുപേരെയും സസ്പെൻഡ് ചെയ്തിരുന്നു. 

ആശുപത്രിയിൽ കടന്നു കയറി പ്രതിഷേധിച്ച 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും 11 യുവമോർച്ച പ്രവർത്തകർക്കെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സ് ആശുപത്രിയിലെ യുഎന്‍എ യൂണിറ്റ് സെക്രട്ടറിയാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. 

പ്രതിഷേധക്കാരുമായും യുഎന്‍എ ഭാരവാഹികളുമായും ആശുപത്രി സിഇഒ ബുധനാഴ്ച ചർച്ച നടത്തും. ആരോപണ വിധേയരായ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

A nurse at Smitha Hospital in Thodupuzha attempted suicide due to alleged mental pressure from superiors. Police have registered cases against three hospital staff members and protestors who entered the hospital premises.