nedumangad-child-death

നെടുമങ്ങാട് ഒന്നര വയസുകാരന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ. ചോറ് കൊടുക്കുമ്പോൾ മരിച്ചെന്നാണ് അമ്മയുടെ പങ്കാളി മൊഴി നല്‍കിയതെങ്കിലും കുട്ടിയുടെ ദേഹത്ത് നിരവധി മുറിവുകളെന്ന് മുത്തശ്ശിയും മറ്റു ബന്ധുക്കളും മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ മാരകമായ മുറിവുകളുണ്ടെന്നും ജനനേന്ദ്രിയത്തിലടക്കം മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗം പറഞ്ഞു. സംഭവത്തില്‍ അമ്മയുടെ പങ്കാളി അഷ്കറിനെ കസ്റ്റഡിയിലെടുത്തു. അമ്മ അഖിലയെയും ചോദ്യം ചെയ്യും.

അക്ഷജ് എന്ന ഒന്നര വയസുകാരന്‍റെ മരണത്തിലാണ് ദുരൂഹത. അമ്മ അഖിലയ്ക്കും അമ്മയുടെ പങ്കാളി അഷ്കറിനുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ചോറ് കൊടുക്കുമ്പോൾ മരിച്ചെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഒന്നര മാസം മുന്‍പ് കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നുവെന്നും അമ്മയുടെ പങ്കാളിയില്‍ നിന്നും കുട്ടി പീഡനം നേരിട്ടിരുന്നു എന്നും മുത്തശ്ശി ആരോപിച്ചു. പുഴുത്ത പട്ടിയെ പോലെ മാത്രമെ നോക്കുവെന്ന് രണ്ടാനച്ഛൻ പറഞ്ഞതായും മുത്തശി മനോരമ ന്യൂസിനോട് പറഞ്ഞു.

'കുട്ടിയുടെ മൃതദേഹത്തിലേക്ക് ഒരു തവണ മാത്രമെ നോക്കിയുള്ളൂ. നോക്കാന്‍ പറ്റുന്നില്ല. നേരത്തെ കണ്ടപ്പോള്‍ ഒരു മുറിവും ഉണ്ടായിരുന്നില്ല. ഒരു മാസം മുന്‍പ് രണ്ട് കൈയും ഒടിഞ്ഞ് പ്ലാസ്റ്ററിട്ടിരുന്നു. ഇത് അമ്മ സ്റ്റാറ്റസിട്ടു. കളിപ്പാട്ടത്തില്‍ നിന്നും വീണു പരുക്കേറ്റതാണെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. വീണിരുന്നെങ്കില്‍ ദേഹമാസകലം മുറിയണമായിരുന്നു. പക്ഷേ അതുണ്ടായില്ല' എന്നും മുത്തശ്ശി പറഞ്ഞു. അമ്മയുടെ പങ്കാളി അപായപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും മുത്തശ്ശി പറഞ്ഞു.

മരണമല്ല കൊലപാതകമാണെന്നും പിന്നില്‍ കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളിയാണെന്നും ആദ്യ ഭര്‍ത്താവിന്‍റെ പിതാവ് പറഞ്ഞു. സിഗരറ്റ് വച്ച് കുത്തിച്ച പോലുള്ള വട്ടത്തിലുള്ള പാട് ശരീരത്തിലുണ്ട്. ജനനേന്ദ്രിയത്തിന്‍റെ തൊലി ഉരിച്ച് അവിടെ നീല നിറമായി. ജനനേന്ദ്രിയത്തില്‍ മാരക മുറിവുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ENGLISH SUMMARY:

A mysterious death of a one-and-a-half-year-old boy in Nedumangad has raised suspicions among relatives who claim the child sustained numerous injuries. The mother's partner has been taken into custody as the investigation into the incident continues.