കായംകുളം കനകക്കുന്നിൽ 80കാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയത്  ആഭരണങ്ങൾ മോഷ്ടിക്കുന്നതിനാണെന്ന് പ്രതി പ്രകാശന്‍റെ മൊഴി. അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് കൊല്ലപ്പെട്ട തങ്കമ്മ പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെയെത്തി സഹായിച്ചതിനു ശേഷം രാത്രി വീണ്ടുമെത്തിയാണ് പ്രകാശന്‍ കൊല നടത്തിയതും സ്വര്‍ണം മോഷ്ടിച്ചത്. 

ആഭരണങ്ങൾ മോഷ്ടിക്കുന്നതിനാണ് തങ്കമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതി പ്രകാശൻ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ കായംകുളം കായലിൽ ആറാട്ടുപുഴ ഭാഗത്ത് മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കൈയും കാലും ബന്ധിച്ച് ശരീരത്ത് കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രിയിലാണ് കൊല നടന്നത്. ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് പ്രകാശനോട് തങ്കമ്മ പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ തങ്കമ്മയുടെ വീട്ടിൽ എത്തി ഗ്യാസ് സിലിണ്ടർ അകത്ത് വച്ച് മടങ്ങിയ പ്രകാശൻ രാത്രി കനത്ത മഴയുള്ളപ്പോൾ വീണ്ടുമെത്തി. ടി.വി കാണുകയായിരുന്ന തങ്കമ്മയുടെ മുഖത്ത് തലയിണ കൊണ്ട് അമർത്തി ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയത്. 

താഴെ വീണ ഇവരുടെ രണ്ട് കൈകളിലുമുണ്ടായിരുന്ന വളകളും മോതിരവും എടുത്തു. തലയിണക്കടിയിൽ സൂക്ഷിച്ചിരുന്ന മാലയും കാതിലെ കമ്മലും പ്രതി എടുത്തുമില്ല. തുടർന്ന് തങ്കമ്മയുടെ കൈലിയും തോർത്തും  ഉപയോഗിച്ച് കൈയും കാലും ബന്ധിച്ചു.. കൈയിൽ കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച് കാലിലും നെഞ്ചിലും തലയിലും കല്ലുകൾ കെട്ടി തങ്കമ്മയുടെ ശരീരം കായലിൽ തള്ളുകയായിരുന്നു. 

തങ്കമ്മയെയും വീടും നന്നായി അറിയുന്നവരാണ് കൊലപാതകി എന്ന സംശയത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. സംശയമുള്ള അഞ്ചു പേരെ തുടർച്ചയായി ചോദ്യം ചെയ്തു. മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനാൽ പ്രകാശനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സാമ്പത്തികബാധ്യത തീർക്കുന്നതിനാണ് കൊലപാതകം നടത്തി ആഭരണം കവർന്നതെന്നാണ് ഇയാളുടെ മൊഴി. കേസിൽ പിടിയിലായ പ്രതി പ്രകാശനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ വിറ്റ കായംകുളത്തെ കടയിലും വീട്ടിലും തെളിവെടുപ്പിന് എത്തിക്കും. 

ENGLISH SUMMARY:

Kayamkulam murder for gold news details the confession of the accused, Prakash, who admitted to murdering an 80-year-old woman named Thangamma in Kayamkulam for jewelry. The victim had asked Prakash to help move a gas cylinder, and he returned later that night to commit the crime and steal her ornaments.