പേരാമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ സോന മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ പെട്രോളിന്‍റെ സാന്നിധ്യം. കാറിനുള്ളില്‍ തീപിടിക്കാന്‍ കാരണം പെട്രോളാണെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നും പൊലീസ് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സോനയുടെ ശരീരത്തില്‍ പെട്രോളിന്‍റെ അംശമുണ്ട്. ഇതെല്ലാം പുതിയ ചില സൂചനകളിലേക്ക് അന്വേഷണത്തെ എത്തിക്കുന്നത്.
റിജിന്‍ ലാലില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ സോന പങ്കുവച്ചത് മാതൃസഹോദരിയുടെ മകളോടാണ്. മരിക്കുന്ന ദിവസം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി ഏഴു മണി വരെ സോന ഇവരുടെ വീട്ടിലായിരുന്നു. വീട്ടിലെത്തിയ സോന, മാതൃസഹോദരിയുടെ മകളോട് വൈകിട്ട് ടൗണില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. മാതൃസഹോദരിയുടെ മകള്‍ വസ്ത്രം വാങ്ങാന്‍ കടകളിലേക്ക് പോയപ്പോള്‍ കുറച്ചു സമയം സോനയെ കണ്ടില്ല. പിന്നീട് ഫുട്പാത്തിലൂടെ നടന്ന് വരുന്നതാണ് കണ്ടത്.
ഇതിനൊപ്പമാണ് നടുവണ്ണൂര്‍ റോഡിലൂടെ കന്നാസുമായി സ്ത്രീ നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചത്. നിലവിലെ നിഗമനങ്ങള്‍ക്കൊപ്പം ദൃശ്യങ്ങളും ചേരുമ്പോള്‍ ദുരൂഹത നീക്കാമെന്നും അന്വേഷണം ഫലം കാണുമെന്നുമുള്ള പ്രതീക്ഷയിലാണ് പൊലീസ്.
മറ്റൊരു സുഹൃത്തുമായി റിജിന്‍ ലാലിന് ബന്ധമുണ്ടായിരുന്നു. ഇക്കാര്യം സോന അറിയുകയും തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. ഇതിന്‍റ തുടര്‍ച്ചായാണോ കാര്‍ കത്തിയത് എന്നതാണ് ഉയരുന്ന സംശയം. പെട്രോള്‍ എത്തിച്ച് ആത്മഹത്യയ്ക്ക് സോന ശ്രമിക്കുകയായിരുന്നോ എന്ന സാധ്യത കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. റിജന്‍ ലാലിന്‍റെ പിറക് വശത്താണ് പൊള്ളലേറ്റത്. പിന്‍ഭാഗത്ത് നിന്നുമാണ് തീ ഉയര്‍ന്നും. അതിനാല്‍ കേസില്‍ റിജിന്‍ ലാലിന്‍റെ മൊഴി നിര്‍ണായകമാണ്.
എന്നാല്‍ സോനയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരിക്കുന്ന ദിവസവും സോനയുമായി ഭർത്താവ് റിജിൻ ലാൽ വഴക്കിട്ടിരുന്നുവെന്ന് ബന്ധു സത്യൻ മനോരമ ന്യൂസിനോട് പറഞ്ഞു. സോനയെ നിരന്തരം പീഡിപിച്ച റിജിൻ കുഞ്ഞിന്റെ ഡിഎൻഎ അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു.