കൊച്ചി, നെട്ടൂരില്‍ രാത്രികാലങ്ങളിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുകയും വികൃതമായ ചേഷ്ടകൾ കാണിക്കുകയും ചെയ്ത യുവാവ് പിടിയില്‍. നെട്ടൂർ സ്വദേശിയായ സനൂപ് അസി എന്നയാളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇയാൾ വാഹനങ്ങൾ തടയുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്‍റെ നടപടി. ഇയാൾക്കെതിരെ കേസെടുത്ത് താക്കീത് നൽകി വിട്ടയച്ചു.

അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ രാത്രിയില്‍ നടുറോഡില്‍ വാഹനങ്ങള്‍ക്ക് മുന്നിലേക്കെത്തി യാത്രക്കാരെ ഭയപ്പെടുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ‘കൊച്ചിയിലുള്ളവരാണെങ്കില്‍ ഈ വിഡിയോ എന്തായാലും കാണണം. രാത്രിയില്‍ വൈകിവരുന്നവരാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക’ എന്നു പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. ധന്യ ജംങ്ഷനിലാണ് സംഭവം. ‘സോംബി ഡ്രഗ്’ ഉപയോഗിച്ച യുവാവ് എന്നും വിഡിയോ പകര്‍ത്തിയവര്‍ പറയുന്നുണ്ട്.

കാറിനുള്ളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ യുവാവ് കാറിനു മുന്നിലേക്ക് വട്ടം ചാടുന്നതും റോഡിന് മുന്നില്‍ കിടക്കുന്നതും കാണാം. പിന്നാലെ കാര്‍ റിവേഴ്സ് എടുക്കുന്നതും യുവാവ് കാറിന് നേരെ തന്നെ നടന്നുവരുന്നതും വിഡിയോയിലുണ്ട്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ആളെ തൂക്കിയിട്ടുണ്ട്’ എന്ന് വിഡിയോയില്‍ കുറിച്ച് കൊച്ചി സിറ്റി പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജിലും വിഡിയോ പങ്കിട്ടിട്ടുണ്ട്. പനങ്ങാട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ഉള്ള ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

‘രാത്രി കാലങ്ങളിൽ മരട്, നെട്ടൂർ കരയിൽ ധന്യാ ജംങ്ഷനിൽ കാർ യാത്രക്കാരെയും മറ്റ് കാൽനടയാത്രക്കാരേയും തടഞ്ഞ് നിർത്തി ഭീതിപ്പെടുത്തിയും പൊതുജനങ്ങളുടെ സൈര്യജീവിതത്തിന് ഭീഷണിയുണ്ടാക്കി ബഹളം വയ്ക്കുന്നതായി കാണപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ നെട്ടൂർ പുത്തൻ വീട്ടിൽ സനൂപിനെ ഏതെങ്കിലും കുറ്റകൃത്യത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്നതിനാൽ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു’ പൊലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇത്തരത്തിൽ പൊതുജനങ്ങൾക്ക് ഭീതി പരത്തുന്നതും പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നതും ആയ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 112 ല്‍ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും പൊലീസ് പറയുന്നു.

ENGLISH SUMMARY:

The Panangad Police have taken into custody a youth named Sanoop Assi for creating panic among late-night commuters in the Nettoor and Maradu areas of Kochi. The action followed a viral video on Instagram which depicted the youth jumping in front of moving cars and exhibiting erratic behavior at Dhanya Junction. Travelers who recorded the incident shared the footage as a warning, with some speculating that the individual might be under the influence of synthetic drugs. Following the public outcry, the Kochi City Police shared the video on their official Facebook page, confirming that the individual had been apprehended. The police team led by the Panangad SHO registered a case against him to prevent potential crimes and released him with a stern warning. Authorities have also reminded the public to use the toll-free emergency number 112 if they encounter similar threats to public peace.