അപകടത്തില്‍പെട്ട യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് പ്രതിക്കായി ഒത്തുകളിക്കുന്നുവെന്ന് പരാതിക്കാരി. എസ്.പിയുെട റിപ്പോര്‍ട്ട് വസ്തുത അന്വേഷിക്കാതെയാണ്. മൊഴിയെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. പ്രതി സിനില്‍ സവാദിന് രാഷ്ട്രീയസ്വാധീനമെന്നും യുവതി മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് ആലപ്പുഴ എസ്പി പ്രതികരിച്ചു. ആദ്യദിനം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി. കേസെടുത്തശേഷം വൈദ്യപരിശോധന നടത്തിയിട്ടില്ല. തെളിവ് ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാകാം ഒഴിവാക്കിയത് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലിന് അർധരാത്രി കായംകുളം കെപിഎസി ജങ്ഷനിലായിരുന്നു കേസിന് ആസ്പദമായ അപകടം. കൊല്ലം സ്വദേശിയായ യുവതിയും കൂട്ടുകാരിയും അവരുടെ രണ്ട് മക്കളും ഭർത്താവുമൊത്ത് മലയാറ്റൂർ തീർഥാടനത്തിന് പോയി തിരികെ വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. അപകടം കണ്ട് രക്ഷാപ്രവർത്തിന് ഓടിയെത്തിയവരിൽ ഒരാളായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനിൽ സബാദ്. അപകടമുണ്ടായ സ്‌ഥലത്തിനടുത്താണ് സിനിൽ താമസിക്കുന്നത്.
പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സിനിലും പ്രദേശത്തെ ആളുകളും ചേർന്ന് മറ്റൊരു പെട്ടി ഓട്ടോറിക്ഷയിൽ പരാതിക്കാരിയായ യുവതിയെയും കുട്ടികളെയും കയറ്റി. അതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൊല്ലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതി നൽകിയത്. പൊലീസ് ആദ്യഘട്ടത്തിൽ ചോദ്യംചെയ്തപ്പോൾ മനപ്പൂർവമല്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ സംഭവിച്ചതാണെന്നുമായിരുന്നു സവാദിന്‍റെ വാദം. തുടർന്ന് അന്വേഷണത്തോട് സഹകരിക്കണം എന്ന് നിർദേശിച്ച് ഇയാളെ വിട്ടയച്ചു.
പൊലീസ് കേസെടുത്തെങ്കിലും മതിയായ വകുപ്പുകൾ ചുമത്തിയിട്ടില്ല എന്നാണ് യുവതി ആരോപിക്കുന്നത്. തുടർനടപടികൾ വൈകുന്നുവെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പിന്‍റെ തിരക്കായതിനാലാണ് അന്വേഷണം വൈകിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.