കൊച്ചിയിൽ വീണ്ടും ലഹരി ഒഴുകുന്നതിന് കാരണം കസ്റ്റംസ് - എക്സൈസ് സംയുക്ത പരിശോധന നിലച്ചത്. രണ്ട് വർഷമായി പരിശോധന ഇല്ലാതായതോടെ ലഹരി പാർട്ടികളടക്കം സജീവമായി. സംയുക്ത പരിശോധന വീണ്ടും ആരംഭിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
കൊച്ചിയിൽ നേരത്തെ ലഹരി സംഘങ്ങൾ ശക്തമായ സാന്നിധ്യമായതോടെയാണ് കസ്റ്റംസും എക്സൈസും സംയുക്ത ഓപ്പറേഷനിലേക്ക് തിരിഞ്ഞത്. ലഹരി മാഫിയയെ അടിച്ചമർത്തുക എന്നതായിരുന്നു ലക്ഷ്യം. ഹോട്ടലുകളിലടക്കം പാർട്ടികൾ സജീവമായിരുന്ന സമയത്ത് കർശന നിയന്ത്രണങ്ങൾ ഇവർ മുന്നോട്ടുവച്ചു. ഹോട്ടലുകളിലേക്ക് എത്തുന്നവരുടെ തിരിച്ചറിയൽ കാർഡും ഫോൺ നമ്പറും നിർബന്ധമായും വാങ്ങി വയ്ക്കണമെന്നായിരുന്നു ഏറ്റവും പ്രധാന നിർദേശം. ഇതോടെ പാർട്ടികളിൽ ആരൊക്കെ പങ്കെടുക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ രേഖകളുണ്ടായി. നിയന്ത്രണം ഫലം ചെയ്തതോടെ ലഹരി മാഫിയ ഒതുങ്ങി. സംയുക്ത ഓപ്പറേഷനുകളിൽ ആൻഡമാനിൽ നിന്നടക്കം ലഹരി പിടികൂടി. പ്രധാനികൾ അറസ്റ്റിലുമായി.
എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി സംയുക്ത പരിശോധനകൾ ഇല്ല. അന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയിരുന്ന പലരും സ്ഥലം മാറിപ്പോയി. ഇതോടെയാണ് നഗരത്തിൽ വീണ്ടും ലഹരി സംഘങ്ങൾ സജീവമായത്. ആഡംബര ഹോട്ടലുകളിലും ക്രൂസുകളിലും പാർട്ടികളും ലഹരിയും നിത്യസംഭവമായി തുടങ്ങി. അതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അഭിഭാഷകനും, ഡോക്ടറും, ഇവന്‍റ് മാനേജ്മെൻറ് സ്ഥാപന ഉടമയും അടക്കമുള്ളവർ കഴിഞ്ഞദിവസം പിടിയിലായത്. കേസിൽ കസ്റ്റംസും, നർകോട്ടിക് കൺട്രോൾ ബ്യൂറോയും ചിത്രത്തിലേക്ക് എത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്നതുപോലെ സംയുക്ത പരിശോധന ഇനിയും ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.