തൃശൂർ തൃപ്രയാറില്‍ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ യുവതി പിടിയില്‍. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലിക്കാരിയായിരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെ (30) ആണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടേക്കാൽ കിലോ ഹഷിഷ് ഓയിലും കണ്ടെടുത്തു.

കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിലായിരുന്നു ലഹരികച്ചവടം. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് യുവതി  ലഹരിമരുന്ന് വിറ്റിരുന്നത്. ഹഷിഷ് ഓയിൽ ചില്ലറ വിൽപന നടത്താൻ ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും 90,500 രൂപയും യുവതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. യുവതിക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സേനയും വലപ്പാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി: അബ്ദുൽ സലാം, വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ: മാത്യു, വലപ്പാട് എസ്.ഐ എബിൻ, ഡാൻസാഫ് എസ്.ഐമാരായ സി.ആർ പ്രദീപ്, ഷൈൻ, എ.എസ്.ഐ ലിജു ഇയ്യാനി, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ നിഷാന്ത്, സുർജിത്ത് സാഗർ, വലപ്പാട് സ്റ്റേഷനിലെ എസ്.ഐ ഉണ്ണി, സിയാദ്, സൈനുദ്ദീൻ, സി.പി.ഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

ENGLISH SUMMARY:

Thrissur Rural Police arrested 30-year-old Sreelakshmi for selling drugs under the guise of a gymnasium and beauty salon in Thriprayar. Officers seized 2.25 kg of hashish oil, 50 plastic bottles for retail sale, and ₹90,500 in cash. The arrest was made by a team led by SP B. Krishnakumar at a rented house in Karayamuttam. An investigation is ongoing to track the main suppliers involved in the drug ring.