thrissur-woman-death-husband-arrest

തൃശൂരില്‍ വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരിച്ച ചാവക്കാട് സ്വദേശി മുഹ്സീനയുടെ ഭര്‍ത്താവ് ഇബ്രാഹിമാണ് അറസ്റ്റിലായത്. യുവതിയുടെ മരണകാരണം പ്രസവ ശേഷമുള്ള പരിചരണമില്ലായ്മയെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. യുവതിയുടെ ഗര്‍ഭപാത്രം മുതല്‍ എല്ലായിടത്തും അണുബാധയുണ്ടായിരുന്നു. മുതുകിലെ വ്രണം പുഴുവരിച്ചനിലയിലായിരുന്നു. 

കഴിഞ്ഞ ജനുവരിയിലാണ് മുപ്പത്തിയേഴുകാരിയായ മുഹ്സിന പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് ആറു ദിവസത്തിനുശേഷം കുട്ടി മരിച്ചു. ശരീരത്തിൽ പല ഭാഗത്തും മുറിവുകൾ ഉണ്ടായിരുന്ന മുഹ്സീന ഗുരുതരാവസ്ഥയിലായി. എന്നിട്ടും ഇബ്രാഹിം ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അക്യുപങ്ചർ ചികിൽസയാണ് ഇബ്രാഹിം പിൻതുടർന്നിരുന്നത്. മുഹ്സിനയെ കുടുംബവുമായി ബന്ധപ്പെടാൻ ഇബ്രാഹിം അനുവദിച്ചിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ചാവക്കാട്ട് വീട്ടിലെത്തിയ യുവതിയുടെ പിതാവും സഹോദരിയുമാണ് ഗുരുതരാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവിൽ നിന്ന് ക്രൂര പീഡനത്തിന് യുവതി ഇരയായെന്നും കുടുംബം ആരോപിക്കുന്നുണ്ട്. 

അതേസമയം, നവജാത ശിശുവിന്റെ മൃതദേഹവും പുറത്തെടുത്ത് പരിശോധിക്കും. കുഞ്ഞിന്റെ മരണകാരണം അവ്യക്തമാണ്. ചാവക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ENGLISH SUMMARY:

Chavakkad Police arrested Ibrahim, the husband of 37-year-old Muhsina, who died following her 7th delivery at home. Post-mortem reports confirmed severe infection and maggot-infested wounds due to lack of medical care. Ibrahim allegedly followed unscientific acupuncture and denied Muhsina hospital treatment. Authorities are also exhuming the newborn's body to investigate the infant's death.