jayasurya-02

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ സാക്ഷിയാക്കി ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പി.എം.എൽ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്ഥാപന ഉടമ സ്വാതിക് റഹിം, സി.തസ്‌ലിം, സേവ് ബോക്സ് കമ്പനി എന്നിവരാണ് പ്രതികൾ. കേസിൽ 11 സാക്ഷികളാണുള്ളത്. ജയസൂര്യയ്ക്ക് പുറമേ ഭാര്യ സരിത ജയസൂര്യയും കേസിൽ സാക്ഷിയാണ്. കേസിൽ ജയസൂര്യയുടെയും ഭാര്യയുടെയും പേരിലുള്ള 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി ഇ.ഡി കണ്ടുകെട്ടിയിരുന്നു.

സേവ് ബോക്സിന്‍റെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന പേരിലും ആപ്പിന്‍റെ മറവിലും കോടികളുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിൽ സ്ഥാപന ഉടമ സ്വാതിക്കിനെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളുടെ ചുവടുപിടിച്ചാണ് രണ്ടുവർഷം മുൻപ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ബ്രാൻഡ് അംബാസിഡറായിരുന്ന ജയസൂര്യ കൈപ്പറ്റിയത് തട്ടിപ്പ് പണമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 39 ലക്ഷം രൂപയാണ് ജയസൂര്യയ്ക്ക് ലഭിച്ചിട്ടുള്ളത്. നടപടികളുടെ ഭാഗമായി കൊച്ചി എളംകുളം വില്ലേജിലുള്ള ജയസൂര്യയുടെ സ്ഥലമാണ് കണ്ടുകെട്ടിയത്. 1.88 കോടി വിലമതിക്കുന്നതാണ് ഈ സ്ഥലം. ഇതിൽനിന്നാണ് 39 ലക്ഷത്തിന്‍റെ മൂല്യമുള്ള ഭാഗം കണ്ടുകെട്ടിയത്.

ENGLISH SUMMARY:

The Enforcement Directorate (ED) has submitted a chargesheet in the Save Box app fraud case at the Kochi PMLA court. Actor Jayasurya and his wife Saritha Jayasurya are listed among the 11 witnesses. The ED had previously attached property worth ₹39 lakh belonging to the actor, alleging that his brand ambassador fee was sourced from scam money. Read more about the ₹1.88 crore property attachment and the latest developments in the case against Swathick Rahim and Tasleem.