ഇടുക്കി തൊടുപുഴയിൽ വൻ രാസലഹരി വേട്ട. 39 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. 10ഗ്രാം കഞ്ചാവും പ്രതികളുടെ കാറിൽ നിന്ന് കണ്ടെത്തി. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികളെ തെളിവുകൾ ഇല്ലാത്തതിനാൽ എക്സൈസ് വിട്ടയച്ചു.
തൊടുപുഴ നെയ്യശ്ശേരി സ്വദേശി ഹാരിസ്, മൈലകൊമ്പ് സ്വദേശി തോംസൺ ജോയ് എന്നിവരാണ് തൊടുപുഴ എക്സൈസിന്റെ പിടിയിലായത്. ഒളമറ്റം അറക്കപ്പാറ ഭാഗത്ത് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 39 ഗ്രാം എംഡി എം എ കണ്ടെടുത്തത്. പ്രതികളുടെ കാറിൽ സൂക്ഷിച്ചിരുന്ന 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതികൾക്ക് ഒപ്പം രണ്ട് പെൺകുട്ടികളുമുണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. പ്രതികളെ ലഹരി കേസിൽ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു
പ്രതികൾക്കൊപ്പം മുറിക്കുള്ളിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ വിട്ടയച്ചതിൽ എക്സൈസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ഹാരിസിനെയും തോംസണിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എംഡിഎംഎ എവിടെ നിന്ന് എത്തിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.