ഇന്ത്യൻ സൈന്യത്തിൻ്റെ പേരിൽ തേയില കച്ചവടക്കാരനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമം. കോട്ടയത്തെ തേയില മൊത്ത വ്യാപാരിയെയാണ് തട്ടിപ്പ് സംഘം ഫോണിലൂടെ കെണിയിൽ വീഴ്ത്താൻ ശ്രമിച്ചത്. കടയുടമ മുഹമ്മദ് അമീൻ കോട്ടയം സൈബർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി.
മാസം അഞ്ഞൂറു കിലോ തേയില ഏഴു വർഷത്തേക്ക് നൽകണം. ദീർഘനാൾ സ്ഥിര വരുമാനം ഉറപ്പാക്കുന്ന വൻ കച്ചവട ഓഫറാണ്. പക്ഷേ മുഹമ്മദ് അമീൻ ആ കെണിയിൽ വീണില്ല. കോട്ടയം മാർക്കറ്റിലെ തേയില മൊത്തക്കച്ചവടക്കാരനായ റെയിൻബോ ടീ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീൻ്റെ ഫോണിലേക്കാണ് ആർമി ഓഫീസർ എന്ന് പറഞ്ഞ് ഒരാൾ വിളിച്ചത്. വാട്സ്ആപ്പ് ഡിപി നോക്കിയപ്പോൾ
സൈനിക വേഷധാരിയുടെ ഫോട്ടോ. ഒട്ടും സംശയത്തിന് ഇട നൽകാത്ത പെരുമാറ്റം. കോട്ടയത്തെ മിലിട്ടറി കാൻ്റീനിലേക്ക് തേയില വേണം എന്നാവശ്യപ്പെട്ട് ആണ് തട്ടിപ്പുകാർ ഫോണിൽ വിളിച്ചത്. ഏഴു വർഷത്തേക്ക് മാസം തോറും അഞ്ഞൂറു കിലോ തേയിലയാണ് ആവശ്യപ്പെട്ടത്. വിശ്വാസം ഉറപ്പാക്കാൻ ടെൻഡർ രേഖയിൽ ഉൾപ്പെടുത്താനുള്ള ജിഎസ്ടി നമ്പറും നൽകി. പരിശോധിച്ചപ്പോൾ പാങ്ങോട് സൈനിക കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നമ്പറായിരുന്നു. തുടർ സംസാരത്തിനിടയിൽ കരാറിനായി ലിങ്കിൽ കയറി പണം അടക്കണമെന്ന് തട്ടിപ്പു സംഘം ആവശ്യപ്പെട്ടു. ഇതാണ് സംശയത്തിന് കാരണമായത്.
മുഹമ്മദ് അമിന്റെ പരാതിയിൽ കോട്ടയം സൈബർ പൊലീസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം തുടങ്ങി. ഗുജറാത്ത് കേന്ദ്രമാക്കിയ തട്ടിപ്പ് സംഘമാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ സഹായിക്കാൻ കേരളത്തിൽ തന്നെ കച്ചവടക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ കൈമാറുന്ന സംഘം ഉണ്ടെന്നാണ് വിവരം. ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് അറിയിച്ചു.