സുപ്രീംകോടതി വിധി ലംഘിച്ച് ഓൺലൈൻ വഴി വ്യാപക പടക്ക വിൽപ്പന എന്ന മനോരമ ന്യൂസ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ ഒരു വാൻ നിറയെ കടത്താൻ ശ്രമിച്ച പടക്കശേഖരം പിടികൂടി. തമിഴ്നാട് ശിവകാശിയിലെ അയ്യനാർ ക്രാക്കേഴ്സിൽ നിന്ന് പാഴ്സലുകൾ ആയി മതിയായ രേഖകളില്ലാതെ വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്ന പടക്കങ്ങളാണ് വാൻ സഹിതം പിടികൂടിയത്.  മനോരമ ന്യൂസ് ബിഗ് ഇംപാക്ട് . 

തമിഴ്നാട്ടിൽ നിന്ന് കേരളത്തിൻറെ വിവിധ ഇടങ്ങളിലേക്ക് പടക്കങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. ഇതിന് തെളിവാണ് പയ്യന്നൂരിലെ ഈ ദൃശ്യങ്ങൾ. പയ്യന്നൂർ നഗരത്തിലെ കോത്തായി മുക്കിൽ നാട്ടുകാരാണ് തമിഴ്നാട് രജിസ്ട്രേഷനുള്ള പിക്കപ്പ് വാൻ തടഞ്ഞു വെച്ചത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ വാൻനിറയെ പടക്കങ്ങൾ നിറച്ച പാഴ്സലുകൾ. രേഖകൾ ചോദിച്ചപ്പോൾ തമിഴ്നാട്ടുകാരനായ ഡ്രൈവർ കറുപ്പസ്വാമി ചില ബില്ലുകൾ കാണിച്ചു. ബില്ലുകൾ ഉള്ള ഡെലിവറി അഡ്രസ്സുകൾ മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ . ഫോൺ വഴി ബുക്ക് ചെയ്തവർക്കുള്ള പാഴ്സലുകളാണ് ഇതെന്നാണ് കറുപ്പസ്വാമി പോലീസിനോട് പറഞ്ഞത്. ഡ്രൈവർ ഹാജരാക്കിയ ബില്ലുകളിലും പൊരുത്തക്കേട്.

അയ്യനാർ ക്രാക്കേഴ്സ് എന്നാണ് ബില്ലുകളിലെ പേര്. എന്നാൽ പാഴ്സലുകൾക്ക് മുകളിൽ രേഖപ്പെടുത്തിയത് കണ്ണൻ ക്രാക്കേഴ്സ് എന്നായിരുന്നു. രണ്ടും ശിവകാശിയിലെ സ്ഥാപനങ്ങൾ.  മതിയായ രേഖകൾ പടക്കകടത്തിന് ഉണ്ടായില്ലെന്നു പോലീസ് പരിശോധനയിൽ വ്യക്തമായി. ഇതോടെ വാഹനവും പാഴ്സലുകളും കസ്റ്റഡിയിലെടുത്തു. കറുപ്പസ്വാമിയെ പ്രതി ചേർത്ത് കേസും എടുത്തു. പിന്നീട് ഇയാളെ നോട്ടീസ് നൽകി പോലീസ് പറഞ്ഞു വിട്ടു. വാഹനം കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ കഴിഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തുനിഞ്ഞത്. ഒരു സുരക്ഷാ മുൻകരുതലുകളും പാലിക്കാതെയാണ് സ്ഫോടക വസ്തുക്കൾ തമിഴ്നാട്ടിൽ നിന്ന് എത്തിച്ചത് എന്നും പോലീസ് കണ്ടെത്തി. സ്ഫോടകശേഷിയുള്ള പടക്കങ്ങൾ ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ചതല്ലാതെ മറ്റൊരു സുരക്ഷാ ഉപകരണങ്ങളും വാഹനത്തിൽ ഉണ്ടായിരുന്നില്ല. 

ENGLISH SUMMARY:

Following the Supreme Court of India order being violated through large-scale online firecracker sales—revealed in a Manorama News investigation—a pickup van loaded with firecrackers was seized at Payyannur in Kannur.